ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20 കോടി കവര്‍ന്നു

ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള. ഫെഡ് ബാങ്ക് അരുംപാക്കം ശാഖയിലാണ് കവർച്ച. ജീവനക്കാരന് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയ ശേഷം, മാനേജരേയും ജീവനക്കാരേയും കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവുമടക്കം 20 കോടിയുടെ കവർച്ചയാണ് നടത്തിയത്.

ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അരുംപാക്കത്താണ് വൻ പകൽക്കൊള്ള നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടന്നു. കവർച്ചാ സംഘത്തിൽ ഒരാൾ ബാങ്കിലെ കരാർ ജീവനക്കാരനായ മുരുകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാനേജരേയും ബാങ്കിലുണ്ടായിരുന്ന മറ്റ് ആറ് ജീവനക്കാരേയും കത്തി കാട്ടി ഭയപ്പെടുത്തി കെട്ടിയിട്ടായിരുന്നു ബാങ്ക് കൊള്ളയടിച്ചത്.

സ്വർണപ്പണയമടക്കം പണമിടപാടുകൾ നടത്തുന്ന നടത്തുന്ന ഫെഡറൽ ബാങ്കിന്‍റെ ഉപ സ്ഥാപനമാണ് ഫെഡ് ബാങ്ക്. പണയസ്വർണം സൂക്ഷിക്കുന്ന സേഫ് ലോക്കറുകളെപ്പറ്റി അറിവുണ്ടായിരുന്ന ജീവനക്കാരന്‍റെ സഹായത്തോടെ  20 കോടി രൂപയുടെയെങ്കിലും കവർച്ച നടന്നിട്ടുണ്ടെന്നാണ് ആദ്യ നിഗമനം. ഫോറൻസിക് വിദഗ്ധരെത്തി വിരലടയാളവും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. അണ്ണാ നഗർ ഡിസിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപീകരിച്ച് പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. നഗരത്തിലെ സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ചാണ് ധ്രുതഗതിയിൽ അന്വേഷണം പുരോഗമിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version