PravasiTRENDING

ഖത്തര്‍ ലോകകപ്പ്: എയര്‍ ഇന്ത്യ യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും

ദുബൈ: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി എയര്‍ ഇന്ത്യ യുഎഇയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നു. ഖത്തര്‍ ലോകകപ്പിനെത്തുന്ന നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ സര്‍വീസ് ഉയര്‍ത്താനൊരുങ്ങുന്നത്.

ദുബൈയില്‍ നിന്ന് വിമാന മാര്‍ഗം ഒരു മണിക്കൂറില്‍ ഖത്തറിലെത്താം. ലോകകപ്പ് ഫുട്‌ബോളിനായി 15 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഒരേസമയം ഇത്രയേറെ പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. അതിനാല്‍ ആരാധകര്‍ ദുബൈയില്‍ താമസിക്കാനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊല്‍ക്കത്തയ്ക്കും ദുബൈയ്ക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസുകള്‍ നടത്താനും പദ്ധതിയുണ്ട്.

അതേസമയം സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.

നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

Back to top button
error: