പത്തടിപ്പാലത്ത് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നടിയും സുഹൃത്തും അദ്ഭുതകരമായി രക്ഷപ്പെട്ടു

അതിരപ്പിള്ളി: നിയന്ത്രണംവിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരായ രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്. സംസ്ഥാനപാതയായ ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപമായിരുന്നു അപകടം.

വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരുകയായിരുന്നു ഇരുവരും. ഇതിനിടെ തകര്‍ന്നുകിടക്കുന്ന റോഡിലെ കല്ലില്‍കയറി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പലതവണ കരണം മറിഞ്ഞ് കാര്‍ അവസാനം ഒരു മരത്തില്‍ തട്ടയാണ് നിന്നത്.

എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കേറ്റില്ല. റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കാര്‍ മറിയുന്നത് ആരും കണ്ടില്ല. ആഴമുള്ളതിനാല്‍ റോഡില്‍നിന്ന് നോക്കിയാലും കാര്‍ കാണാന്‍ സാധിക്കില്ല.
കാറില്‍നിന്ന് പുറത്തിറങ്ങിയ ഇരുവരും കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലേക്ക് കയറി.

തുടര്‍ന്ന് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കി. തിരികെ പോകാന്‍ ജീപ്പും സംഘടിപ്പിച്ചുനല്‍കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version