CrimeNEWS

ഒറ്റയ്ക്കു താമസിക്കുന്ന അവിവാഹിതയായ വയോധിക കിടപ്പുമുറിയില്‍ ബക്കറ്റിനടിയില്‍ സൂക്ഷിച്ചരണ്ടരലക്ഷം കവര്‍ന്നു; അയല്‍വാസി അറസ്റ്റില്‍

പൊന്‍കുന്നം: ഒറ്റയ്ക്കുതാമസിച്ചിരുന്ന റിട്ട. അധ്യാപികയുടെ വീട്ടില്‍നിന്ന് രണ്ടരലക്ഷം രൂപ മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. ചിറക്കടവ് മണക്കാട്ട് അമ്പലത്തിന് സമീപം പോറട്ടൂര്‍ പി.എസ്. ചെല്ലമ്മ(84)യുടെ പരാതിയില്‍ ചിറക്കടവ് പറപ്പള്ളിത്താഴെ കുഴിമറ്റത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കെ.ആര്‍. രാജേഷ്(രാജന്‍-53)ആണ് അറസ്റ്റിലായത്. വ്യഴാഴ്ച പകല്‍ 11നായിരുന്നു മോഷണം.

അവിവാഹിതയായ ചെല്ലമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ പറമ്പിലെ പണികള്‍ക്കായി എത്തിയിരുന്ന രാജേഷ് ഇടയ്ക്കിടെ ചെല്ലമ്മയുടെ പക്കല്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞദിവസവും രാജേഷ് പണം ചോദിച്ചെങ്കിലും നല്‍കിയില്ല. വീട്ടില്‍ ഏറെ നേരം ഇരുന്ന രാജേഷ് ചെല്ലമ്മ അടുക്കളയിലേക്ക് പോയ തക്കം നോക്കി കിടപ്പുമുറിയില്‍ക്കടന്ന് ബക്കറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പണമെടുത്ത് ഓടുകയായിരുന്നു.

മുന്‍പ് പലതവണ പണം വാങ്ങിയിട്ടുള്ളതിനാല്‍ പണം സൂക്ഷിച്ചിരുന്ന സ്ഥലത്തെപ്പറ്റി ഇയാള്‍ക്ക് ധാരണയുണ്ടായിരുന്നു. പണം കടം നല്‍കാഞ്ഞതിന്റെ വൈരാഗ്യത്താല്‍ രാജേഷ് മുറിയില്‍ കയറി മോഷണം നടത്തുകയായിരുന്നു. രണ്ടരലക്ഷത്തോളം രൂപ നഷ്ടമായതിനെത്തുടര്‍ന്ന് ചെല്ലമ്മ പൊന്‍കുന്നം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ എത്തി തെളിവു ശേഖരിച്ചു.

അന്വേഷണം ആരംഭിച്ച പോലീസ് പിന്നീട് രാജേഷിനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഇയാളില്‍ നിന്ന് 2.43 ലക്ഷത്തോളം രൂപയും കണ്ടെത്തി. പൊന്‍കുന്നം എസ്.എച്ച്.ഒ. എന്‍. രാജേഷ്, എസ്.ഐ: റെജിലാല്‍, എ.എസ്.ഐ: പി.എസ്. അംസു, സീനിയര്‍ സി.പി.ഒമാരായ റിച്ചാര്‍ഡ്, ഷാജി ചാക്കോ, കെ. ബിവിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: