ഒടുവില്‍ വിക്രം ട്വിറ്ററിലെത്തി; ആഘോഷമാക്കി ആരാധകര്‍

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടൻമാരില്‍ ഒരാളാണ് വിക്രം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇല്ലായിരുന്നെങ്കിലും കിട്ടുന്ന അവസരത്തില്‍ എല്ലാം ആരാധകരോട് സംവദിക്കാൻ തയ്യാറാവുന്ന നടനുമാണ് വിക്രം. ഇപ്പോഴിതാ വിക്രം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വിക്രം ഒരു വീഡിയോയും ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

പത്ത് വര്‍ഷം വൈകിയാണ് താൻ ട്വിറ്ററില്‍ എത്തുന്നത്. പക്ഷേ എല്ലാവരുടെ സ്‍നേഹത്തിന് നന്ദിയെന്നും ഇനി ഇടയ്‍ക്ക് വരാമെന്നും വീഡിയോയില്‍ വിക്രം പറയുന്നു. വിക്രം ട്വിറ്ററില്‍ എത്തിയത് ആരാധകര്‍ ആഘോഷമാക്കിയിട്ടുമുണ്ട്. കോബ്ര എന്ന ചിത്രമാണ് വിക്രമിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.

ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 31ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘കോബ്ര’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. വിക്രം നായകനാകുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

‘മഹാന്’ ശേഷമെത്തുന്ന വിക്രം ചിത്രമാണ് ‘കോബ്ര’. എന്നാല്‍ ‘മഹാന്‍’ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ ‘കദരം കൊണ്ടാന്‍’ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ ‘കോബ്ര’ എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ‘കോബ്ര’. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ‘ഇമൈക നൊടികൾ’, ‘ഡിമോണ്ടെ കോളനി’ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version