കൈക്കൂലിക്കേസില്‍ അകത്തായ സാംസങ് മേധാവിയെ ‘സംഭാവന നല്‍കാന്‍’ ജയില്‍മോചിതനാക്കി സര്‍ക്കാര്‍

സോള്‍: മുന്‍ പ്രസിഡന്റിന് കൈക്കൂലി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ കോടീശ്വരനും സാംസ്ങ് മേധാവിയുമായ ലീ ജെയ് യോങിന് മാപ്പു നല്‍കി മോചിപ്പിച്ച് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംഭാവന ചെയ്യാന്‍ ലീ ജെയ് യോങിന് അവസരം നല്‍കുകയാണെന്ന് പറഞ്ഞാണ് മോചനം.

മുന്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്കിന്റെ പുറത്താകലിനു കാരണമായ കൈക്കൂലിക്കേസിലാണ് ലീ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ലീക്ക് അഞ്ച് വര്‍ഷ തടവ് വിധിക്കുകയായിരുന്നു. കൈക്കൂലിവാങ്ങിയ പാര്‍ക്ക് കുനെക്കും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായിരുന്നു.

സാംസങ് ഗ്രൂപ്പിന്റെ അവകാശിയായ ലീ ജെയ് യോങിന് 7.9 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ലോക സമ്പന്നരില്‍ 278ാം സ്ഥാനത്താണ് ലീ. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ സാംസങ് ഇലക്ട്രോണിക്സിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്.

2018 ല്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടര വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലോട്ടെ ഗ്രൂപ്പ് ചെയര്‍മാന്‍ ഷിന്‍ ഡോങ്-ബിന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് ബിസിനസുകാര്‍ക്കും മാപ്പ് നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളുടെ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് കൊറിയയെ മോചിപ്പിച്ച വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും നൂറുകണക്കിന് തടവുകാര്‍ക്ക് ദക്ഷിണ കൊറിയ മാപ്പ് നല്‍കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ബിസിനസ് പ്രമുഖര്‍ ഉള്‍പ്പെടെയുള്ള തടവുകാരുടെ മോചനം. മാരക രോഗങ്ങളുള്ള തടവുകാരും കാലാവധി അവസാനിക്കുന്നവരും ഉള്‍പ്പെടെ ആകെ 1,693 പേര്‍ മാപ്പ് തേടിയ ലിസ്റ്റിലുണ്ടെന്ന് വാര്‍ഷിക വിമോചന ദിന വാര്‍ഷികത്തിന് മുന്നോടിയായി മന്ത്രാലയം അറിയിച്ചു.

ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദക്ഷിണ കൊറിയയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ലീക്കും മാപ്പ് ലഭിക്കുന്ന മറ്റ് ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും സാങ്കേതികവിദ്യയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നേറ്റം നടത്തി രാജ്യത്തിന്റെ വളര്‍ച്ചയെ തിരിച്ചുപിടിക്കാന്‍ കഴിയും എന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version