ഒരുതരത്തിലും രക്ഷയില്ലാതെ ടി.ആര്‍. ആന്‍ഡ് ടി. എസ്‌റ്റേറ്റ് തൊഴിലാളികള്‍; പുലിപ്പേടിയില്‍ ഉറക്കംകെട്ടവര്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടവും

മുണ്ടക്കയം: പുലിപ്പേടിയില്‍ ഉറക്കംകെട്ട ടി.ആര്‍.ആന്‍ഡ് ടി. എസ്‌റ്റേറ്റ് ഇ.ഡി.കെ. ഡിവിഷനിലെ തൊഴിലാളികള്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടവും. ബുധനാഴ്ച െവെകിട്ട് അഞ്ചരയോടെയാണ് റബര്‍ തോട്ടത്തില്‍ കൊമ്പനടക്കം അഞ്ചോളം ആനകള്‍ തമ്പടിച്ചത്. എസ്‌റ്റേറ്റ് തൊഴിലാളികളാണ് ആനകളെ കണ്ടത്. തൊഴിലാളികള്‍ക്കു തോട്ടത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത രീതിയിലായിരുന്നു കാട്ടാനക്കൂട്ടം തോട്ടത്തിലൂടെ മേഞ്ഞുനടന്നത്. മണിക്കൂറുകളോളം എസ്‌റ്റേറ്റിനുളളില്‍ നിന്നും മാറാതെ കാട്ടാനകള്‍ നിലയുറപ്പിച്ചത് ആളുകളെ ഭീതിലാഴ്ത്തി. അക്രമസാക്തരായില്ലെങ്കിലും ജനങ്ങള്‍ ഭയന്നു കഴിയുകയാണ്. പുലര്‍ച്ചെ ടാപ്പിങ്ങ് നേരത്താണ് ആന എത്തുന്നതെങ്കില്‍ അറിയാന്‍ പോലും കഴിയില്ലെന്നു തൊഴിലാളികള്‍ പറയുന്നു.

6 മാസമായി നാട് പുലിപ്പേടിയിലായിരുന്നു. മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പശുക്കിടാവുകളെ കൊന്നുതിന്നത് ആശങ്കയ്ക്കും ഭീതിയ്ക്കും ഇടയാക്കിയിരുന്നു. തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടവരുണ്ടങ്കിലും സ്ഥിരീകരിക്കാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്‍പ്പതോളം വളര്‍ത്തുനായകളെ ഇക്കാലയളവില്‍ കാണാതായിരുന്നു. പല തവണ കൂടു സ്ഥാപിച്ചുവെങ്കിലും ഇതുവരെ പുലിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ചെന്നായ, രാജവെമ്പാല, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, മുള്ളന്‍പന്നി എന്നിവയുടെ ശല്യവുമുണ്ട്.

കൃഷികള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. മൃഗശല്യം കാരണം വീടുകളില്‍ മൃഗങ്ങളെ വളര്‍ത്താനും കഴിയില്ലെന്ന് ജനങ്ങള്‍ പറയുന്നു. കാട്ടാനക്കൂട്ടം കൂടി എത്തിയതോടെ, പകല്‍ സമയത്തല്ലാതെ വീടിനു പുറത്തേക്കിറങ്ങാന്‍ കൂടി ജനങ്ങള്‍ മടിക്കുകയാണ്. വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണമെന്നും അതിന് ആരുടെയെങ്കിലും ജീവന്‍ നഷ്ടമാകുന്നവരെ കാത്തിരിക്കരുതെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version