KeralaNEWS

കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗാ യാത്രയ്ക്ക് തുടക്കം 

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരി വിവേകാനന്ദ പാറയിൽ

75 അടി നീളമുള്ള ദേശീയ പതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗ യാത്രയ്ക്ക് ഇന്ന് (ആഗസ്റ്റ് 11-ന്) തുടക്കമായി. പാങ്ങോട് സൈനിക കേന്ദ്ര മേധാവി കന്യാകുമാരിയിൽ ഫ്ളാഗ് ഓഫ് ചെയ്ത തിരംഗാ യാത്രയിൽ
75 സേനാംഗങ്ങൾ ദേശീയ പതകയുമായി 75 കിലോമീറ്റർ പിന്നിട്ട് ആഗസ്റ്റ് 14-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കുളച്ചൽ യുദ്ധസ്മാരകത്തിലും ദേശീയ പതാക ഉയർത്തും.

പാങ്ങോട് സൈനിക കേന്ദ്രം മേധാവിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ ഇന്ന് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുൻ പാർലമെന്റ് അംഗമായ ശ്രീ.വിജയകുമാറും പങ്കെടുത്തു. സൈനിക ബാൻഡ് പ്രദർശനം, പരമ്പരാഗത കലയായ കളരിപ്പയറ്റ് പ്രകടനം എന്നിവയും ഉണ്ടായിരുന്നു. കന്യാകുമാരിക്കടുത്ത് പഞ്ചലിംഗപുരത്ത് നടന്ന മറ്റൊരു ചടങ്ങിൽ 150 അടി ഉയരമുള്ള കൊടിമരവും പതാകയും മുൻ പാർലമെന്റ് അംഗമായ ശ്രീ.വിജയകുമാർ സേനയ്ക്ക് കൈമാറി.

ആഗസ്റ്റ് 14-ന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ എത്തുന്ന തിരംഗാ യാത്രയ്ക്ക് ബഹുമാനപ്പെട്ട കേരള ഗവർണറുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ഗവർണർ ഗ്യാലൻട്രി അവാർഡ് ജേതാക്കളെയും, വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ പത്നിമാരെയും, അമ്മമാരെയും ആദരിക്കും.

Back to top button
error: