KeralaNEWS

ജനവാസ-കൃഷിയിട മേഖലകളെ ബഫര്‍സോണില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് ജനവാസകേന്ദ്രങ്ങള്‍ അടക്കം ഒരു കിലോ മീറ്റര്‍ ബഫര്‍ സോണായി നിശ്ചയിച്ചുള്ള മുന്‍ ഉത്തരവ് തിരുത്തി സര്‍ക്കാര്‍. ജനവാസ, കൃഷിയിട മേഖലകളെ പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളേയും പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ജനവാസ മേഖലകളെ കൂടി ഉള്‍പ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിച്ച 2019-ലെ സര്‍ക്കാര്‍ ഉത്തരവ് ഇതോടെ റദ്ദാകും. ജൂലൈ 27 ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് 2019ല ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ തീരുമാനമെടുത്തത്.

ജനവാസമേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായം വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലിരിക്കെയാണ് ജനവാസ മേഖലയടക്കം ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയായി കണക്കാക്കി കഴിഞ്ഞ ജൂണില്‍ സുപ്രീംകോടതി ഉത്തരവുണ്ടായത്. തുടര്‍ന്ന് സംസ്ഥാനമാകെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ മുന്നോടിയായിട്ട് കൂടിയാണ് പുതിയ ഉത്തരവ്. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി വിഷയത്തില്‍ സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Back to top button
error: