IndiaNEWS

ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം

ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്‍ഐഎയുടെ എതിര്‍പ്പ് തള്ളിയാണ് കോടതി നടപടി. ബോംബെ ഹൈക്കോടതി നേരത്തെ വരവര റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. ആറ് മാസത്തെ ജാമ്യമായിരുന്നു കോടതി അന്ന് അനുവദിച്ചത്. ഈ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലാണ് നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് വരവര റാവു സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പാര്‍ക്കിസണ്‍ രോഗ ബാധിതനായ വരവര റാവുവിന്റെ ആരോഗ്യനില മോശമാണെന്നും, വീണ്ടും ജയിലിലേക്ക് പോകുന്നതിനുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകളും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രണ്ടര വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും, 82കാരനായ അദ്ദേഹത്തിന് സ്ഥിരം ജാമ്യം നല്‍കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. വരവര റാവുവിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, രാജ്യ വിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളതെന്നും ആരോപിച്ചായിരുന്നു എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഇത് തള്ളിയ കോടതി നിര്‍ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്.

 

 

Back to top button
error: