18 കാരിയായ കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി, ബന്ധുവായ യുവാവ് അറസ്റ്റില്‍

ഓയൂര്‍ (കൊല്ലം): കോളജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധു കോട്ടുക്കല്‍ അജിതാ ഭവനില്‍ ശരതി (27) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു കേസിസാസ്പദമായ സംഭവം. കൊല്ലം എസ്.എന്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി, ഓടനാവട്ടം കളപ്പില കാവേരിഭവനില്‍ (ചരുവിള പുത്തന്‍വീട്) സാബു-സീമ ദമ്പതികളുടെ മകള്‍ കാവേരിയെ(18) മരുതമണ്‍പള്ളിയിലെ വാടക വീട്ടിലെ കിടക്ക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് പൂയപ്പള്ളി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് മുന്‍പ് ശരത് ഫോണില്‍ വിളിച്ചിരുന്നതായി കണ്ടെത്തി. പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാവേരിയും ശരത്തുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നും ഇരുവരും തമ്മില്‍ വിവാഹിതരാകാനായി തീരുമാനിച്ചിരുന്നുവെന്നും പറയുന്നു.

മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാവേരി മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് കണ്ട ശരതും കാവേരിയുമായി വഴക്കുണ്ടാക്കുകയും ശരത് കാവേരിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പൂയപ്പള്ളി സി.ഐ ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version