കാവാരിക്കുളവും കണ്ഠൻ കുമാരനും

 റാന്നിക്ക് അടുത്ത് പെരുമ്പെട്ടിയിൽ പണ്ടൊരു കുളമുണ്ടായിരുന്നു. കീഴാളർക്ക് ആശ്രയിക്കാവുന്ന ചുരുക്കം ജലസ്രോതസ്സുകളിൽ ഒന്ന്. കുളക്കരയിലെ വന്മരങ്ങൾ പലതും നിർദ്ദയം ഫലങ്ങൾ പൊഴിച്ച് കുളം നിറയ്ക്കും. കായ്കൾ വാരിക്കളഞ്ഞു പതിവായി കുളം തെളിക്കണം. അതുകൊണ്ട് കുളത്തിനു കാവാരിക്കുളം എന്ന് പേരുണ്ടായി.
 കുളത്തിനോട് ചേർന്ന് താമസിക്കുന്ന കുടിക്കിടപ്പുകാരുടെ പുരയിലെ കണ്ഠന്റെ മകൻ കൊച്ചു കുമാരനും കുളത്തിലെ മാലിന്യം വാരിക്കളഞ്ഞു കുളം തെളിക്കുമായിരുന്നു.മുതിർന്നു വന്നപ്പോൾ സമൂഹത്തിലെ മാലിന്യം വാരിക്കളഞ്ഞ് കുമാരൻ കുലവും തെളിയിക്കാൻ തുടങ്ങി.കേരള നവോത്ഥാന ചരിത്രം വാല്യങ്ങളായി എഴുതി തള്ളിയ ചരിത്രകാരന്മാർ പക്ഷെ കാവാരിക്കുളം കണ്ഠൻ കുമാരനെ അതിൽ നിന്ന് വാരിക്കളഞ്ഞു എന്ന് മാത്രം.
                        ഇത് ഇപ്പോൾ മാത്രം തുടങ്ങിയതായിരുന്നില്ല.കിട്ടുപിള്ള എന്നൊരു ആശാൻ  അക്ഷരലോകത്തെ വാതായനങ്ങൾ കുമാരന് മുന്നിൽ തുറന്നിട്ടത് അക്കാലത്തും പലരെയും ചൊടിപ്പിച്ചിരുന്നു.ആശാനിൽ നിന്ന് മലയാളവും സംസ്കൃതവും കുമാരൻ പഠിച്ചു. അത് അധികകാലം തുടരാൻ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുവദിച്ചില്ല. തുടർന്നു പോയാൽ ആശാന്റെ സ്ഥിതി തന്നെ അവതാളത്തിലാകും എന്ന് കണ്ട് കുമാരൻ തന്നെ പഠിപ്പ് നിർത്തി.എന്നാൽ നേരേ വന്ന് പഠിച്ച ശിഷ്യന്മാരെകൊണ്ട് ഇല്ലെങ്കിലും ഒളിച്ചു വന്ന് പഠിച്ച ശിഷ്യൻ നിമിത്തം കിട്ടുപിള്ള ആശാൻ ചിരസ്മരണീയനായി തീർന്നിരിക്കുന്നു എന്നത് കാലം കാത്തുവെച്ച കാവ്യനീതി.
  പഠനശേഷം കുമാരൻ ദേശാടനം തുടങ്ങി. അമ്പലപ്പുഴ, ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, പീരുമേട് , റാന്നി, കോന്നി അങ്ങനെ പലയിടവും ചുറ്റി നടന്നു. പീരുമേട്ടിലെ കാറ്റു കൊള്ളാനോ ആലപ്പുഴ കടപ്പുറത്തു അസ്തമയം കാണാനോ അല്ല അവശ ജനതയുടെ ജീവിതം കണ്ടറിഞ്ഞു അവർക്ക് പരിഷ്കൃത ജീവിതത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ആവശ്യകതയെ കുറിച്ച് ഉദ്ബോധനം നൽകാനായിരുന്നു അതെന്നുമാത്രം.
 കാലം കടന്നുപോകവെ ഇപ്പറഞ്ഞ പ്രദേശത്തൊക്കെ വിദ്യാലയങ്ങളായി. തിരുവിതാംകൂറിൽ ഉടനീളം 52 ഏകാധ്യാപക വിദ്യാലയങ്ങൾ. 46 പറയരും 3 ഈഴവരും 2 നായരും ഒരു ക്രിസ്ത്യാനിയും അങ്ങനെ വാധ്യാർ 52.
                   പിന്നീട് ശ്രീമൂലം പ്രജാ സഭയിൽ കുമാരന്റെ ശബ്ദം  മുഴങ്ങി. താൻ തുടങ്ങിയ 52 വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കു ഗ്രാന്റ് അനുവദിക്കണം, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഏർപ്പെടുത്തണം, നിർധനരായ കുട്ടികൾക്ക് ഫീസ് ഒഴിവാക്കി കൊടുക്കണം, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് വേണം, വിദ്യാസമ്പന്നരായ കീഴാളർക്ക് സർക്കാർ സർവീസിൽ ജോലി അനുവദിക്കണം ഇത്തരം ആവശ്യങ്ങളൊക്കെ അദ്ദേഹമാണ് ആദ്യം പ്രജാസഭയിൽ അവതരിപ്പിച്ചത്- 1917-ൽ
                 ‘ പട്ടി കേറാത്തൊരു കൊട്ടിൽ വേണം ‘ കണ്ഠൻ കുമാരൻ ശ്രീ മൂലം പ്രജാ സഭയിൽ ആവശ്യപ്പെട്ടു. പുറമ്പോക്കു ഭൂമി കുടിക്കിടപ്പുകാർക്ക് പതിച്ചു നൽകണം എന്നതായിരുന്നു അത്. അദ്ദേഹം ചുറ്റിനടന്ന പ്രദേശങ്ങളിലുള്ള പുറമ്പോക്കു ഭൂമികളുടെ സർവ്വേ നമ്പറും വിസ്തീർണ്ണവും എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരാവശ്യം ഉന്നയിച്ചത്.
          1911 ഇൽ ചങ്ങനാശ്ശേരിയിലെ മണലാട്ടി വീട്ടിൽ കോത കൊളുത്തിയ മൺചിരാതു സാക്ഷിയായി കാവാരിക്കുളത്തിന്റെ അധ്യക്ഷതയിൽ ബ്രഹ്മ പ്രത്യക്ഷ സാധുജന പറയർ സഭ രൂപം കൊണ്ടു. നാടുകൾ തോറും ശാഖകൾ വ്യാപിപ്പിച്ചു അവശ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിനു ക്രിയാത്മകമായി മുന്നേറാൻ വേണ്ട കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്തു.
              തരാൻ മടിച്ചതൊക്കെ  ചോദിച്ചു വാങ്ങാൻ സമൂഹത്തെ പഠിപ്പിച്ച കാവാരിക്കുളം കണ്ഠൻ കുമാരൻ കാലത്തിനു മീതെ സഞ്ചരിച്ച കർമ്മയോഗിയായിരുന്നു.എന്നാൽ ചരിത്രത്താളുകളിൽ നിന്നും ആരൊക്കെയോ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തെ ഒഴിവാക്കിയെന്നു തന്നെ പറയേണ്ടിവരും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version