EnvironmentTRENDING

ചൂട് കടുക്കും, മരണം കൂടും; കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് ആറ് മടങ്ങ് വര്‍ധിക്കുമെന്ന് പഠനം

കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് വര്‍ധിച്ചേക്കാമെന്ന് സൂചന. നൂറ്റാണ്ടിന്റെ അവസാനത്തോടെ അമിതമായ ചൂട് മൂലമുള്ള മരണനിരക്ക് ആറ് മടങ്ങായി വര്‍ദ്ധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ദ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രിയിലെ അന്തരീക്ഷ ചൂട് ഉറക്കത്തിന്റെ സാധാരണ ശരീരശാസ്ത്രത്തെ തന്നെ തടസ്സപ്പെടുത്തിയേക്കാമെന്നാണ് യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.

ഉറക്കകുറവ് രോഗപ്രതിരോധ സംവിധാനത്തെ തന്നെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, മാനസികാരോഗ്യ അവസ്ഥകള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. കിഴക്കന്‍ ഏഷ്യയിലെ 28 നഗരങ്ങളില്‍ ചൂടുള്ള രാത്രിയിലെ ശരാശരി താപനില 2090-ഓടെ 20.4 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 39.7 ഡിഗ്രി സെല്‍ഷ്യസായി മാറുമെന്ന് പഠനങ്ങള്‍ പറയുന്നു.

ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസിനു താഴെയായി പരിമിതപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പാരീസ് കാലാവസ്ഥാ ഉടമ്പടി.ഇത് പരിശോധിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള താപനം പ്രശ്നകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു.’രാത്രിയില്‍ താപനില വര്‍ദ്ധിക്കുന്നതിന്റെ അപകടസാധ്യതകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ പഠന സഹ-ലേഖകനായ യുക്യാങ് ഷാങ് പറഞ്ഞു.

1980 നും 2015 നും ഇടയില്‍ ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ 28 നഗരങ്ങളില്‍ അമിത ചൂട് മൂലമുണ്ടായ മരണനിരക്ക് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കാര്‍ബണ്‍ റിഡക്ഷനുമായി ബന്ധപ്പെട്ട് അതാത് ദേശീയ ഗവണ്‍മെന്റുകള്‍ സ്വീകരിച്ച നടപടികളും ചര്‍ച്ച ചെയ്തു. 2016 നും 2100 നും ഇടയില്‍ അമിതമായ ചൂടുള്ള രാത്രികള്‍ കാരണമുണ്ടാകുന്ന മരണ സാധ്യത ആറിരട്ടിയായി വര്‍ദ്ധിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന മാതൃകകള്‍ നിര്‍ദ്ദേശിക്കുന്ന ദൈനംദിന ശരാശരി ചൂടില്‍ നിന്നുള്ള മരണ സാധ്യതയേക്കാള്‍ വളരെ കൂടുതലാണ് ഈ കണക്കുകൂട്ടല്‍.

താപനിലയിലെ പ്രാദേശിക വ്യത്യാസങ്ങള്‍ രാത്രികാല താപനിലയിലെ പല വ്യതിയാനങ്ങള്‍ക്കും കാരണമായെന്നും ഗവേഷകര്‍ കണ്ടെത്തി, ഏറ്റവും കുറഞ്ഞ ശരാശരി താപനിലയുള്ള പ്രദേശങ്ങളിലാണ് ഏറ്റവും വലിയ താപന സാധ്യതയുള്ളതെന്നാണ് ഗവേഷകരുടെ പ്രവചനം.

 

Back to top button
error: