സംസ്ഥാന സര്‍ക്കാരിനേട് പോരിനുറച്ച് ഗവര്‍ണര്‍; കണ്ണടച്ച് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നലപാടെടുത്തതോടെ 11 ഓര്‍ഡിനന്‍സുകള്‍ അര്‍ധരാത്രി അസാധുവായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരും കേരള ഗവർണറുമായുള്ള പോര് തുടരും. ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്നുള്ള പ്രഖ്യാപനം നടപ്പാക്കി ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച കാലാവധി തീരുന്ന 11 ഓർഡിനൻസുകളിലും ഒപ്പിട്ടില്ല. ഇതോടെ 11 ഓർഡിനേൻസുകളും അസാധുവായി. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ഓ‍ർഡിനൻസുകളാണ് അസാധു ആയത്. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയിൽ നിയമ വകുപ്പ് ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രാത്രി വൈകിയെങ്കിലും ഗവ‍ർണർ ഒപ്പിട്ടാൽ ഇന്നത്തെ തിയതിയിൽ വിഞാപനം ഇറക്കാനടക്കം ഒരുങ്ങിയിരുന്ന സർക്കാരിന് വലിയ തിരിച്ചടിയാണ് അസാധുവാക്കൽ. പ്രസ് ജീവനക്കാരോട് 12 മണി വരെ സേവൻ തുടരാൻ നിർദേശിച്ചായിരുന്നു സർക്കാർ കാത്തിരുന്നത്. എന്നാൽ പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാത്തതോടെ ഗവർണർ – സ‍ർക്കാർ പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.

ഓ‍ർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് രാവിലെ തന്നെ പറഞ്ഞ ഗവർണർ ഓർഡിനൻസ് ഭരണം ഭൂഷണമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഓർഡിനൻസുകളിൽ കൂടുതൽ വിശദീകരണം വേണമെന്ന് വ്യക്തമാക്കി മടക്കി അയക്കുമ്പോൾ സർക്കാറിനെ വീണ്ടും ഗവർണ്ണർ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ അനുനയ നീക്കവും ഒക്ടോബറിൽ സഭാ സമ്മേളനം വിളിക്കാമെന്ന ഉറപ്പും വഴി ഗവർണറെ അനുനയിപ്പിക്കാമെന്ന സർക്കാർ പ്രതീക്ഷയും ഇതോടെ പൊളിഞ്ഞു. പോരിന്‍റെ ക്ലൈമാക്സിൽ വഴങ്ങിപ്പിന്മാറുമെന്ന പതിവ് രീതിയല്ല ഇത്തവണ എന്ന വ്യക്തമായ സൂചനകളാണ് ഗവർണ്ണർ നൽകുന്നത്. ഓർഡിനൻസിൽ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേർന്നപ്പോൾ പകരം ബിൽ അവതരിപ്പിക്കാത്തതിലാണ് ഗവർണ്ണർക്ക് കടുത്ത അതൃപ്തി. വീണ്ടും ഓർഡിനൻസ് പുതുക്കി ഇറക്കാൻ ആവശ്യപ്പെട്ട് സർക്കാർ നടപടികൊപ്പം വി സി നിയമനത്തിൽ തന്‍റെ അധികാരം കവരാനുള്ള സർക്കാരിന്‍റെ ഓർഡിനൻസ് കൂടി മനസ്സിലാക്കിയാണ് ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാതിരിക്കുന്നത്.

വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യാനുള്ള ഓർഡിനൻസ് അവസാന ഘട്ടത്തിലായിരുന്നു. തന്‍റെ അധികാരം എങ്ങിനെ ഇല്ലാതാക്കാനാകുമെന്ന് ചോദ്യവുമായാണ് ഓർഡിനൻസിനെ കുറിച്ച് നേരിട്ട് പറയാതെ എതിർപ്പ് ഗവർണർ പരസ്യമാക്കുന്നത്. ഗവർണർ ഉറച്ചുനിൽക്കുന്നതോടെ പഴയ ലോകായുക്ത നിയമമടക്കം പ്രാബല്യത്തിലാകും. ഇതോടെ ലോകായുക്തയുടെ പരിഗണിനയിലുള്ള ഫണ്ട് വകമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരായ കേസ് വീണ്ടും നിർണ്ണായകമാകും.

ലാപ്സായെങ്കിലും ഗവർന്നറേ അനുനയിപ്പിച്ചു മുൻകാല പ്രാബല്യത്തിൽ ഇനിയും പുതിയ ഓർഡിനേസുകൾ ഇറക്കാമെന്ന പ്രതീക്ഷ സർക്കാരിന് ഉണ്ട്. അതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യയുടെ നിയമനത്തിൽ കണ്ണൂർ വി സി ക്ക് എതിരെ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ നീങ്ങും എന്ന സൂചന ഉണ്ട്. ഗവർണ്ണർ ആവശ്യപ്പെട്ട വിശദീകരണത്തിന് വിസി നൽകുന്ന മറുപടി നോക്കിയാകും തുടർ നീക്കം.പ്രിയ വർഗീസിന്റെ നിയമനത്തിലെ പരാതിയിൽ കഴമ്പുണ്ട് എന്നാണ് ഗവർണ്ണറുടെ വിലയിരുത്തൽ എന്ന സൂചനയും ഉണ്ട്.വിസി ക്ക് എതിരെ അന്വേഷണത്തിന് ഹൈകോടതി ജഡ്ജിയെ വരെ വെച്ച് കടുപ്പിക്കാനും സാധ്യത ഏറെയാണ്. കേരളത്തിൽ 12 ാം തിയതി തിരിച്ചെത്തുന്ന ഗവർണറെ ഒരു പക്ഷെ മുഖ്യമന്ത്രി നേരിട്ട് കണ്ട് അനുനയിപ്പിക്കാൻ നീക്കം നടത്തിയേക്കും. അതല്ല സ‍ർക്കാരും കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്നതും കണ്ടറിയണം.

അതേസമയം സംസ്ഥാന സ‍ര്‍ക്കാര്‍ നടപ്പാക്കുന്ന ഓ‍ര്‍ഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ. ലോകായുക്ത നിയമ ദേദഗതിയിൽ ഒരു കാരണവശാലും ഒപ്പി‍ടരുതെന്നാണ് സതീശൻ ആവശ്യപ്പെട്ടത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version