ചൈനീസ് സ്മാര്‍ട് ഫോണുകള്‍ ഇന്‍ഡ്യയില്‍ നിരോധിക്കുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്

ഇന്‍ഡ്യയില്‍ 12,000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് സ്മാര്‍ട് ഫോണുകള്‍ നിരോധിക്കുമെന്ന് അഭ്യൂഹം. കേന്ദ്രസര്‍കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനപ്രിയ ബ്രാന്‍ഡുകളായ ഷാവോമി ഉള്‍പ്പെടെയുള്ള ഫോണുകൾക്ക് കനത്ത തിരിച്ചടിയാവും ഇതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിലകുറഞ്ഞ മൊബൈല്‍ ഫോണുകളുടെ വിപണിയില്‍ നിന്നും ചൈനീസ് കംപനികളെ ഒഴിവാക്കുകയാണ് ലക്ഷ്യം. റിയല്‍മി, ട്രാന്‍ഷന്‍ പോലുള്ള കംപനികള്‍ പ്രാദേശിക ഫോണ്‍ നിര്‍മാതാക്കളെ ദുര്‍ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെയാണ് പുതിയ തീരുമാനം.

ഇന്‍ഡ്യയിലെ എന്‍ട്രി ലെവല്‍ ഫോണുകളുടെ വിപണിയില്‍ നിന്ന് വലിയ വരുമാനമാണ് ഷാവോമിയും സമാന ബ്രാന്‍ഡുകളും ഉണ്ടാക്കുന്നത്. ചൈനയില്‍ കോവിഡ് പ്രതിസന്ധിമൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും ഇന്‍ഡ്യയില്‍ നിന്ന് വരുമാനം നേടാന്‍ ഈ കംപനികള്‍ക്ക് സാധിച്ചിരുന്നു.

ഇന്‍ഡ്യയില്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ മൂന്നിലൊന്ന് 12,000 രൂപയില്‍ താഴെ വിലയുള്ള വിഭാഗത്തില്‍ പെട്ടവയാണ്. അക്കൂട്ടത്തില്‍ 80 ശതമാനവും ചൈനീസ് കംപനികളുടെ ഫോണുകളാണ്. മൈക്രോമാക്സ്, ലാവ പോലുള്ള ഇന്‍ഡ്യന്‍ ബ്രാന്‍ഡുകള്‍ക്ക് ചൈനീസ് ഫോണുകളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമുള്ള സ്ഥിതിയാണ്. ചൈനീസ് കംപനികളുടെ ഈ ആധിപത്യം സ്വതന്ത്രവും മാന്യവുമായ വിപണി മത്സരത്തിന് നല്ലതല്ലെന്നാണ് ഇന്‍ഡ്യയുടെ വിലയിരുത്തല്‍.

ആപിള്‍, സാംസങ് തുടങ്ങിയ കംപനികളുടെ ഫോണുകളെ ഈ തീരുമാനം ബാധിക്കാനിടയില്ല. ഈ കംപനികളുടെ ഫോണുകളെല്ലാം താരതമ്യേന വില കൂടിയവയാണ്. 12, 000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ ഇറക്കുന്നതില്‍ നിന്ന് ചൈനീസ് കംപനികളെ മാത്രമാണ് വിലക്കുക. ഇത് ഇൻഡ്യന്‍ നിര്‍മാതാക്കള്‍ക്ക് ഗുണം ചെയ്യും. അതേ സമയം നോകിയ ഉള്‍പെടെയുള്ള ബ്രാന്‍ഡുകളെയും ഈ നീക്കം ബാധിച്ചേക്കില്ല.

അതിനിടെ ഫോണുകള്‍ ഇന്‍ഡ്യയില്‍ നിര്‍മിക്കുന്നതിനും ഇന്‍ഡ്യന്‍ വിതരണ ശൃംഖല പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാര്‍ വിദേശ കംപനികളെ നിര്‍ബന്ധിക്കുന്നുണ്ട്.

ഇന്‍ഡ്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ 2020 മുതല്‍ തന്നെ ഇന്‍ഡ്യ, ചൈനീസ് കംപനികള്‍ക്കെതിരെ നിയന്ത്രങ്ങളും നടപടികളും കടുപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ ഇന്‍ഡ്യയില്‍ ലഭ്യമായിരുന്ന നിരവധി ചൈനീസ് ആപ്പുകള്‍ ഇന്‍ഡ്യ നിരോധിച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version