KeralaNEWS

ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോ ജനറല്‍ മാനേജരായി ചുമതലയേറ്റു

കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ചുമതലയേറ്റു. സപ്ലൈക്കോയില്‍ ജനറല്‍ മാനേജരായിട്ടാണ് ചുമതലയേറ്റത്. മാാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല മജിസ്‌ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു വിവാദം. വിവാദം കനക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എന്നാല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും ശക്തിയാര്‍ജിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു

ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയില്‍ നിയമനം നല്‍കിയത് മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായി. മന്ത്രിസഭ യോഗത്തില്‍ ശ്രീറാമിന്റെ നിയമനത്തില്‍ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എതിര്‍പ്പറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി , മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ചകള്‍ അവിടെ അവസാനിച്ചു. ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ തന്റെ വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനില്‍, മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടത്. ഇതിനുള്ള മറുപടിയിലാണ് മന്ത്രിക്കെതിരായ തന്റെ അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കിയത്. ശ്രീറാമിന്റെ നിയമനം തന്നെ അറിയിക്കാതെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അനില്‍ തനിക്ക് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി.

മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്നും മന്ത്രിക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത് ശരിയായില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടായില്ല. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും വിവാദത്തില്‍ പെട്ട വ്യക്തി വകുപ്പില്‍ വരുന്നത് അറിയിച്ചില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ച് മന്ത്രി കത്തും നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ വകുപ്പുകളിലെ ഇടപെടലിനെതിരെ ഇതിന് മുന്‍പും മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

 

Back to top button
error: