NEWSWorld

പാക് താലിബാന്റെ മൂന്ന് ഉന്നത കമാന്‍ഡര്‍മാര്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: തെഹ്രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്റെ (പാകിസ്ഥാന്‍ താലിബാന്‍ – ടിടിപി) മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തെക്ക്-കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഒമര്‍ ഖാലിദ് ഖൊറാസാനി എന്ന അബ്ദുള്‍ വാലി, ഹാഫിസ് ദൗലത്ത്, മുഫ്തി ഹസന്‍ എന്നിവരാണ് ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ഇതില്‍ ഒമര്‍ ഖാലിദ് ഖൊറാസാനിയെ പാക് താലിബാനിലെ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായ ടിടിപി നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. അഫ്ഗാന്‍ പ്രവിശ്യയായ പക്തികയിലെ ബിര്‍മല്‍ ജില്ലയില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ വൈകീട്ടോടെ റോഡില്‍ സ്ഥാപിച്ച ഒരു മൈനില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പേരു വെളിപ്പെടുത്താതെ സംസാരിച്ച ഒരാള്‍ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരില്‍ നിന്നോ തഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ എന്നറിയപ്പെടുന്ന പാക്- താലിബാനില്‍ നിന്നോ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

കൊല്ലപ്പെട്ട മൂന്ന് കമാന്‍ഡര്‍മാരും അഫ്ഗാനിസ്ഥാനിലെ കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ബിര്‍മലിന്‍ മേഖലയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം. കാബൂളില്‍ അഫ്ഗാന്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാക് താലിബാന്‍ പാകിസ്ഥാന്‍ സൈന്യത്തിന് നേരെ ആക്രമണം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാക് സൈന്യം ടിടിപിയുമായി സന്ധി സംഭാഷണത്തിന് ശ്രമിച്ചിരുന്നു. സമാധാന ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ അധികൃതര്‍ ടിടിപി ഗ്രൂപ്പിന്റെ നേതൃത്വവുമായി ബന്ധപ്പെടാന്‍ തയ്യാറെടുക്കുന്ന സമയത്താണ് അപകടവാര്‍ത്ത പുറത്ത് വന്നതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് മാസമായി ടിടിപിയും പാകിസ്ഥാന്‍ സൈന്യവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ട്. ഖൊറാസാനി പാകിസ്ഥാനിലെ മുഹമ്മദ് ഗോത്ര ജില്ലയില്‍പ്പെട്ടയാളായിരുന്നു. പാകിസ്ഥാന്‍ താലിബാന്റെ മുഹമ്മദ് ബ്രാഞ്ചിന്റെ ചുമതലക്കാരനാണ് ഇയാളെന്ന് പറയപ്പെടുന്നു.

യുഎസ്, ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദിയോട് കൂറ് പുലര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്ത ഏതാണ്ട് ഒരു ഡസനോളം ടിടിപി കമാന്‍ഡര്‍മാരില്‍ ഒരാളാണ് മുഫ്തി ഹസന്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക് താലിബാനില്‍ ചേരിപ്പോരുണ്ടാക്കിയതിന് ഹസ്സന്‍ ഉത്തരവാദിയാണെന്ന് ചില പാക് താലിബാനി സംഘങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു. കൊല്ലപ്പെട്ട പാക് താലിബാന്‍ കമാന്‍ഡര്‍ ഒമര്‍ ഖാലിദ് ഖൊറാസാനിയുടെ ഏറ്റവും അടുത്ത അനുയായിയാണ് ഹാഫിസ് ദൗലത്ത്.

കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കാബൂള്‍ നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് കാബൂള്‍ നഗരത്തില്‍ തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ നടന്നിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം തീവ്രവാദ മിലീഷ്യ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. യുഎസ്, ഐഎസ്. തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദിയെ കൊലപ്പെടുത്തിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ചെറുതും വലുതുമായ നിരവധി ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്. ഈ സ്‌ഫോടനങ്ങളിലെല്ലാമായി ഏതാണ്ട് 120 ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

കാബൂള്‍ നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി നടത്തിയ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം തീവ്രവാദ മിലീഷ്യ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇന്നലെയും കാബൂളില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കാബൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മറ്റൊരു ഷിയ മേഖലയായ ചന്ദവോളിലെ ഒരു സിവിലിയന്‍ ബസ് ലക്ഷ്യമാക്കിയാണ് ഏറ്റവും പുതിയ സ്‌ഫോടനം നടന്നതെന്ന് കാബൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെറുമകന്‍ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ആഷുറയ്ക്ക് രാജ്യത്തെ മതന്യൂനപക്ഷമായ ഷിയ മുസ്ലീങ്ങള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഐഎസ്‌ഐഎസിന്റെ ആക്രമണം.

അഫ്ഗാന്‍, പാകിസ്ഥാന്‍ താലിബാന്‍ ഗ്രൂപ്പുകള്‍ ഒരേ പ്രത്യയശാസ്ത്രം പങ്കിടുന്ന സംഘടനകളാണ്. എന്നാല്‍ ഇവര്‍ രണ്ട് സംഘടനകളായാണ് നിലനില്‍ക്കുന്നത്. മാത്രമല്ല അതിര്‍ത്തി പ്രദേശങ്ങളില്‍ ഇവര്‍ പരസ്പരം മറ്റ് അംഗങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്തു. താലിബാന്‍ 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് ശേഷം, ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനില്‍ നിരവധി ആക്രമണങ്ങള്‍ നടത്തി. ഇവയെല്ലാം തന്നെ മതന്യൂനപക്ഷമായ ഷിയാകളെയോ മറ്റ് മത ന്യൂനപക്ഷ വിഭാഗങ്ങളെയോ ലക്ഷ്യമിട്ടാണ്.

Back to top button
error: