”കലക്ടര്‍മാര്‍ എന്തുചെയ്യുകയാണ്, 90 കി.മീ സ്പീഡുള്ള റോഡില്‍ ഇങ്ങനെ കുഴിയുണ്ടായാല്‍ എന്താണവസ്ഥ, മരിച്ചവരുടെ കുടുംബങ്ങളോട് ആരു സമാധാനം പറയും”; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, ഒരാഴ്ചയ്ക്കകം പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: റോഡുകളിലെ കുഴികളില്‍ വീണ് ജീവനുകള്‍ പൊലിയുന്ന സംഭവത്തില്‍ കലക്ടര്‍മാര്‍ക്ക് നേരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുളള റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ എന്‍എച്ച്എഐയോട് കോടതി നിര്‍ദേശിച്ചു. 21നാണ് ടെന്‍ഡര്‍ നടപടികള്‍ എന്ന് എന്‍എച്ച്എഐ അറിയിച്ചു. അതിനു മുന്‍പ് തന്നെ താല്‍കാലിക പണികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. വിഷയം പരിഗണിച്ച കോടതി ഇന്ന് കലക്ടര്‍മാര്‍ക്കുനേരേയും എന്‍എച്ച്എഐക്കും കരാറുകാര്‍ക്കും എതിരേ അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

നാലുവരി പാതയുള്ള റോഡില്‍ 90കി.മീ. ആണ് സ്പീഡ്. അതില്‍ ഇങ്ങനെ കുഴികള്‍ ഉണ്ടായാല്‍ എന്താണ് അവസ്ഥ എന്ന് ആലോചിക്കാവുന്നതാണെന്ന് കോതി പറഞ്ഞു. ജില്ലാ കലക്ടര്‍മാര്‍ എന്ത് ചെയ്യുകയാണ്, മരിച്ചു കഴിഞ്ഞിട്ടാണോ അവര്‍ നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി അവര്‍ അല്ലേ. കലക്ടര്‍മാര്‍ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല. മരിച്ചവരുടെ കുടുംബങ്ങളോട് ആരു സമാധാനം പറയുമെന്നും കോടതി ചോദിച്ചു.

ജില്ലാ കലക്ടര്‍മാര്‍ കാഴചക്കാരാകരുത്. എല്ലാ ജില്ലാ കലക്ടര്‍മാരും പ്രോ ആക്ടീവായി ആയി പ്രവര്‍ത്തിക്കണം. അത് കേന്ദ്ര- സംസ്ഥാന-പ്രാദേശിക റോഡുകള്‍ ആയാലും കലക്ടര്‍മാര്‍ ഇടപെടണം. ദുരന്തനിവാരണ അതോറിറ്റി നിയമപ്രകാരം കളക്ടര്‍മാര്‍ക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി പറഞ്ഞു.

മഴ കാരണം ആണ് റോഡുകള്‍ പൊളിഞ്ഞത് എന്ന് ദേശീയപാത അതോറിറ്റി വാദിച്ചു. ഈ കാരണം വീണ്ടും വീണ്ടും പറയരുതെന്ന് കോടതി ശാസിച്ചു. ഇത് മനുഷ്യ നിര്‍മിത ദുരന്തങ്ങളാണെന്നും കോടതി പറഞ്ഞു. റോഡുകള്‍ മോശം ആണ് എന്നുള്ള ബോര്‍ഡുകള്‍ വെക്കാന്‍ ഉള്ള മര്യാദ പോലും ഇല്ലേയെന്നും ഇനി എത്ര ജീവന്‍ കൊടുത്താല്‍ ആണ് ഇത് നന്നാവുകയെന്നും കോടതി ചോദിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കുന്നതില്‍ ജില്ലാ കലക്ടര്‍ക്ക് മാത്രമല്ല വില്ലേജ് ഓഫീസര്‍മാര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് എന്‍എച്ച്എഐ വാദിച്ചു. മോശം റോഡുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും അറിയിക്കാന്‍ ബാധ്യത ഉണ്ടെന്നും ദേശീയ പാത അതോറിറ്റി പറഞ്ഞു.

അതേസമയം കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കരാറുകാരനുമായി നഷ്ടപരിഹാരത്തിന് വകുപ്പുണ്ടോ എന്ന് ദേശീയപാത അതോറിറ്റിയോട് കോടതി ചോദിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ കരാറുകാരന്‍ ബാധ്യസ്ഥനാണെന്നും അതിനായി എന്‍ക്വയറി നടത്തണമെന്നും പുതിയ കോണ്‍ട്രാക്ടറെ നോക്കുന്നുണ്ട് എന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. തുടര്‍ന്ന് കരാറുകാരനുമായുളള കരാര്‍ എന്തെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു.

താല്‍കാലിക ജോലികള്‍ 3 ദിവസം മാത്രമേ നില്‍ക്കൂ എന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. അതിനുശേഷം വീണ്ടും റോഡിലെ കുഴികള്‍ നികത്തേണ്ടതായി വരും. മഴ ഉള്ളപ്പോള്‍ പണികള്‍ പൂര്‍ത്തികരിക്കന്‍ ആവില്ല. നന്നായി പൂര്‍ത്തികരിക്കാന്‍ മഴ ഉള്ളപ്പോള്‍ സാധ്യമല്ല. യുദ്ധകാല അടിസ്ഥാനത്തില്‍ താല്‍കാലിക പണികള്‍ പൂര്‍ത്തീകരിക്കും. ദേശീയ പാത 66ന്റെ പണികള്‍ തുടങ്ങുന്നതേ ഉള്ളൂ എന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. വിവിധ കേസുകള്‍ നിലവിലുള്ളത് കൊണ്ടാണ് പൂര്‍ത്തീകരിക്കാന്‍ ആവാത്തത് എന്നും അവര്‍ പറഞ്ഞു. കേസുകള്‍ 19ന് കോടതി വീണ്ടും പരിഗണിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version