IndiaNEWS

ചൈനാ അതിര്‍ത്തിയിലടക്കം നിരീക്ഷണം നടത്താന്‍ അത്യാധുനിക എ.ഐ. ഡ്രോണ്‍ ദൗത്യവുമായി എച്ച്.എ.എല്‍.

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ പര്‍വതമേഖലകളിലുള്‍പ്പെടെ നിരീക്ഷണത്തിന് ഉതകുന്ന വിവിധോദ്ദേശ്യ എ.ഐ.(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഡ്രോണ്‍ വികസിപ്പിക്കാനൊരുങ്ങി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ.എല്‍). മിസൈലുകളും സെന്‍സറുകളുമടക്കം 40 കിലോവരെ വഹിക്കാന്‍ കഴിയുന്ന ഡ്രോണാണ് വികസിപ്പിക്കുക.

ചൈന അതിര്‍ത്തിയിലടക്കം സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന ഇടങ്ങളില്‍ നിരീക്ഷണത്തിനു പറ്റിയ നിര്‍മിതബുദ്ധിയുള്ള അത്യാധുനിക ഡ്രോണ്‍ ആണ് വികസിപ്പിക്കുന്നത്. ആയുധങ്ങളുള്‍പ്പെടെ വഹിക്കാന്‍ ശേഷിയുള്ള ഈ ആളില്ലാ ഡ്രോണിന്റെ ആദ്യ പരീക്ഷണദൗത്യം അടുത്ത വര്‍ഷം ആദ്യത്തോടെ നടത്താനാണ് എച്ച്.എ.എല്‍. പദ്ധതി. ആദ്യഘട്ടത്തില്‍ ഇത്തരം 60 ഡ്രോണുകളാകും വികസിപ്പിക്കുക.

ഇതിനൊപ്പം ഇസ്രയേലി ഹെറോണ്‍ ടി.പി. മാതൃകയില്‍ ഡ്രോണുകള്‍ വികസിപ്പിക്കുന്നതും എച്ച്.എ.എല്‍. ആലോചനയിലുണ്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗെനെസേഷനുമായി (ഡി.ആര്‍.ഡി.ഒ) കൈകോര്‍ത്താണ് രണ്ട് ഡ്രോണ്‍ പ്രോജക്ടുകളുമായി എച്ച്.എ.എല്‍ മുന്നോട്ടുനീങ്ങുന്നത്.

35,000 അടി ഉയരത്തില്‍ 45 മണിക്കൂര്‍വരെ ഓപ്പറേറ്റ് ചെയ്യാവുന്നതാണ് ഹെറോണ്‍. സൈനിക ആവശ്യത്തിനും കയറ്റുമതി ലക്ഷ്യത്തോടെയും ഇവ വികസിപ്പിക്കാനാണ് നീക്കം. ഹെറോണ്‍ ടി.പി ഡ്രോണുകളില്‍ ഓട്ടോമാറ്റിക് ടാക്സി- ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (എ.ടി.ഒ.എല്‍), സാറ്റെലെറ്റ് കമ്മ്യൂണിക്കേഷന്‍ (സാറ്റ്കോം) സംവിധാനങ്ങള്‍ വിപുലമായി സജ്ജീകരിച്ചിട്ടുണ്ട്.

Back to top button
error: