CrimeNEWS

ബീച്ചിലെത്തിയ തമിഴ്സംഘത്തിലെ യുവാവ് മദ്യലഹരിയില്‍ ഒപ്പമുള്ളവരുമായി വഴക്കിട്ട് കടലില്‍ചാടി

ആലപ്പുഴ: തമിഴ്നാട്ടില്‍ നിന്ന് ആലപ്പുഴ ബീച്ചിലെത്തിയ വിനോദസഞ്ചാര സംഘത്തിലെ യുവാവ് മദ്യലഹരിയില്‍ കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്‌നാട് സ്വദേശിയായ ജയകുമാര്‍ എന്ന ഇരുപത്തിനാലുകാരന്‍ ആണ് കടലില്‍ ചാടിയത്.

ലൈഫ് ഗാര്‍ഡിന്റെ ഇടപെടലില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30ന് ആലപ്പുഴ ബീച്ചിലെ കാറ്റാടി ഭാഗത്തായിരുന്നു സംഭവം. തമിഴ്നാട് ആണ്ടകുളത്തുനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ എട്ടംഗ സംഘത്തില്‍പ്പെട്ടയാളായിരുന്നു ജയകുമാര്‍.

മദ്യലഹരിയില്‍ വഴക്കിട്ടശേഷം ഇയാള്‍ ആത്മഹത്യാശ്രമം നടത്തുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. ഈസമയം സമീപത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് സന്തോഷ് കടലില്‍ ചാടിയാണ് ഇയാളെ രക്ഷിച്ചത്.

സംഭവമറിഞ്ഞ് പട്രോളിങ് നടത്തിയിരുന്ന ടൂറിസം പോലീസ് എസ്.ഐ. പി.ജയറാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.എ. വിനു, അബീഷ്, കോസ്റ്റല്‍ വാര്‍ഡന്‍ റോബിന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നല്‍കി. ശേഷം കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പം വിട്ടയച്ചു.

Back to top button
error: