PravasiTRENDING

സഹപ്രവര്‍ത്തകനെ വാട്‌സ്ആപ്പിലൂടെ തെറിവിളിച്ചു; പ്രവാസി യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി

അല്‍ ഐന്‍: സഹപ്രവര്‍ത്തകനെ വാട്‌സ്ആപ് സന്ദേശത്തിലൂടെ അസഭ്യം പറഞ്ഞ പ്രവാസി യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ വാട്‌സ്ആപിലൂടെ തനിക്ക് അയച്ച വോയിസ് മെസേജ് തന്നെ അപമാനിക്കുന്നതും അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കാട്ടി 30 വയസില്‍ താഴെ പ്രായമുള്ള അറബ് വംശജനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

തനിക്ക് നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സഹപ്രവര്‍ത്തകനില്‍ നിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചത് തനിക്ക് വലിയ മാസിക ആഘാതമുണ്ടാക്കിയെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു. പ്രതി അയച്ച സന്ദേശങ്ങള്‍ പരാതിയോടൊപ്പം തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട ശേഷം, ഓണ്‍ലൈന്‍ നിയമങ്ങളുടെ ലംഘനം കണക്കിലെടുത്തും പരാതിക്കാരനുണ്ടായ മാനസിക പ്രയാസത്തിനു നഷ്ടപരിഹാരമായും പ്രതി, 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്‌സ്ആപ് വോയിസ് മെസേജ്, അയാളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കോടതി കണ്ടെത്തി. കേസ് നടത്തിപ്പിന് ചെലവായ തുകയും ഇയാളില്‍ നിന്ന് ഈടാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Back to top button
error: