CrimeNEWS

ഡാമിന്റെ സെക്യൂരിറ്റിറൂമിലെ മോഷണശേഷം വേഷം മാറിനടന്ന പ്രതി പിടിയില്‍; പണം മദ്യത്തിനും മൊബൈല്‍ വാങ്ങാനും ചെലവായെന്ന് മൊഴി

കട്ടപ്പന: ഇരട്ടയാര്‍ ഡാമിന്റെ സെക്യൂരിറ്റി റൂമില്‍ കയറി പണം മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
ഡാമിലെ സെക്യൂരിറ്റി ഗാര്‍ഡ് പി.എ. ഷാജിയുടെ 25,900 രൂപ അടങ്ങിയ പഴ്സ് കവര്‍ന്ന കേസില്‍ ഈട്ടിത്തോപ്പ് കുറ്റിയാങ്കല്‍ അഭിലാഷാ(36)ണ് പിടിയിലായത്.

കഴിഞ്ഞമാസം 31ന്‌ െവെകിട്ട് അഞ്ചരയോടുകൂടി നടന്ന മോഷണത്തില്‍ ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നതിനിടെ വെള്ളിയാഴ്ച അണക്കരയില്‍ നിന്നാണ് പ്രതി പിടിയിലായത്. 31 ന് വൈകിട്ട് ഗാര്‍ഡ് ഷാജി ഡാമിലെ െലെറ്റിടാന്‍ പോയ തക്കം നോക്കി അഭിലാഷ് റൂമിനുള്ളില്‍ കയറി ബാങ്കില്‍ അടയ്ക്കാന്‍ സൂക്ഷിച്ചിരുന്ന 25,900 രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ച് കടക്കുകയായിരുന്നു.

തിരിച്ചെത്തിയ ഷാജി പഴ്സ് നഷ്ടപ്പെട്ടതറിഞ്ഞ് അന്വേഷിച്ചപ്പോള്‍ ഡാമിന് പരിസരത്ത് അഭിലാഷിനെ കണ്ടിരുന്നതായി ചിലര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അഭിലാഷിനെ കണ്ടെത്താനായി പോലീസ് ഇയാളുടെ ചിത്രം വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചു. ഇതു മനസിലാക്കിയ അഭിലാഷ് പിന്നീട്
താടിയും മുടിയും വെട്ടി രൂപം മാറിയാണ് നടന്നിരുന്നത്.

എന്നാല്‍ കഴിഞ്ഞദിവസം അണക്കരയിലെത്തിയ പ്രതിയെ നാട്ടുകാര്‍ തിരിച്ചറിയുകയും തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡിന്റെ പക്കല്‍ നിന്നും മോഷ്ടിച്ച പണം മൊെബെല്‍ ഫോണ്‍ വാങ്ങാനും മദ്യംവാങ്ങാനും ചെലവായെന്നാണ് പ്രതി പോലീസിനു മൊഴിനല്‍കിയത്. എന്നാല്‍ ഇയാളുടെ പക്കല്‍നിന്നു ഫോണ്‍ കണ്ടെടുക്കാനായില്ല.

മുമ്പും നിരവധി തവണ ഇയാള്‍ മോഷണം നടത്തിയിട്ടുള്ള ഇയാള്‍ക്കെതിരേ വണ്ടന്‍മേട് പോലിസില്‍ കേസുമുണ്ട്. പലയിടങ്ങളിലും വാടകയ്ക്ക് താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐമാരായ ടി.ആര്‍. മധു, ടി. സുരേഷ്, എ.എസ്.ഐ കെ.വി. ജോസഫ്, സി.പി.ഒമാരായ രാജീവ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Back to top button
error: