8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പിന്നീട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം 50 കുവൈത്തി പൗരന്മാരുടെ ഡ്രൈവിങ് ലൈസന്‍സുകളും തടഞ്ഞുവെച്ചിട്ടുണ്ട്. കാഴ്ച, മാനസിക ആരോഗ്യം എന്നിവ സംബന്ധിച്ചുള്ള വൈകല്യങ്ങള്‍ കാരണമായാണ് സ്വദേശികള്‍ക്കെതിരായ നടപടി.

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് മാനദണ്ഡങ്ങളായി കണക്കാക്കുന്ന ശമ്പളം, ജോലി, സര്‍വകലാശാലാ ബിരുദം തുടങ്ങിയവ പരിശോധിച്ചാണ് ലൈസന്‍സ് റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും.

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ലൈസന്‍സ് അനുവദിക്കാനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രം ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതിനായി വിവിധ മന്ത്രാലയങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ പരസ്‍പരം പങ്കുവെയ്‍ക്കാനും കൃത്രിമങ്ങള്‍ തടയാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരിക്കല്‍ ജോലി ചെയ്‍തിരുന്ന തസ്തിക അനുസരിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടിയവര്‍ പിന്നീട് ജോലി മാറിയാന്‍ അക്കാര്യം സ്വമേധയാ തന്നെ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനുള്ള സംവിധാനവുമുണ്ട്.

പഠനം പൂര്‍ത്തിയാക്കിയ പ്രവാസി വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് ലൈസന്‍സുകളും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ബ്ലോക്ക് ചെയ്‍തിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികളായിരുന്ന പ്രവാസികള്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി ഡെലിവറി ജീവനക്കാരായി ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ളവരുടെ ലൈസന്‍സുകളും റദ്ദാക്കുന്നുണ്ട്. ലൈസന്‍സ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഒരുക്കിയതോടെ കൃത്രിമം കാണിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള സാധ്യതകളും കുറഞ്ഞതായി കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. നിരന്തരം നടത്തുന്ന പരിശോധനകളിലൂടെയും ട്രാഫിക് വകുപ്പ് നിരവധിപ്പേരുടെ ലൈസന്‍സുകള്‍ ബ്ലോക്ക് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നുമുണ്ട്. ഇത് പരിശോധിക്കാന്‍ പ്രത്യേക ആപ്ലിക്കേഷനാണ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്.

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഒരു വിട്ടുവീഴ്‍ചയും വേണ്ടെന്നാണ് ട്രാഫിക് ആന്റ് ഓപ്പറേഷന്‍സ് വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകളായ ജോലി ചെയ്യുന്ന തസ്‍തിക, ജോലി, ശമ്പളം, വിദ്യാഭ്യാസ യോഗ്യത, സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ കര്‍ശനമായി പരിശോധിക്കാനാണ് നിര്‍ദേശം. നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ ഈ വര്‍ഷം ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version