KeralaNEWS

കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ ആശുപത്രി കെട്ടിടം, വിമാനാപകടത്തിന് രക്ഷകരായെത്തിയ തദ്ദേശിയർക്കുള്ള കാരുണ്യോപഹാരം

കരിപ്പൂർ വിമാനാപകടത്തിന് രണ്ടുവർഷം തികയുന്ന വേളയിൽ ആ നാട്ടുകാരുടെ ത്യാഗത്തിനുള്ള ഉപഹാരവുമായി വിമാനത്തിലെ യാത്രക്കാർ. കോവിഡ് ഭീതിയുടെ കാലത്ത്, കോരിച്ചൊരിയുന്ന മഴയിൽ വിമാനാപകടത്തിൽപ്പെട്ടവരുടെ ജീവൻരക്ഷിക്കാൻ എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ നാട്ടുകാർക്കായി വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മ ആശുപത്രി കെട്ടിടം നിർമിച്ചുനൽകുന്നു. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ ചിറയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് 50 ലക്ഷം രൂപ മുടക്കി കെട്ടിടം നിർമിച്ചുനൽകുന്നത്. ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂരിലെ അപകടസ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണപത്രം കൈമാറുമെന്ന് എം.ഡി.എഫ്. കരിപ്പൂർ ഫ്ളൈറ്റ് ക്രാഷ് ആക്ഷൻ കൗൺസിൽ ലീഗൽ കൺവീനർ സജ്ജാദ് ഹുസൈൻ അറിയിച്ചു.

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. കരിപ്പൂരിലെ ദുരന്തത്തിൽ പ്രദേശവാസികളുടെ കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോവിഡ് ഭീതി കാരണം ആളുകൾ പുറത്തിറങ്ങാൻപോലും മടിക്കുന്ന കാലത്താണ് കരിപ്പൂരിലും പരിസരപ്രദേശത്തുള്ളവർ ദുരന്തസ്ഥലത്തേക്ക് ഓടിയെത്തിയത്. വിമാനത്തിലെ അവസാന ആളെ വരെ പുറത്തെടുത്ത് എല്ലാ ചികിത്സാസഹായവും ഉറപ്പുവരുത്തി മണിക്കൂറുകൾക്ക് ശേഷമാണ് അവരെല്ലാം വീടുകളിലേക്ക് മടങ്ങിയത്.

അപകടസമയത്ത് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസികൾക്ക് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനക്കിടയിലാണ് അപകടസ്ഥലത്തിന് സമീപത്തെ ചിറയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തെക്കുറിച്ചു ചർച്ച വന്നത്. പാവപ്പെട്ടവർ ഏറെ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണിത്. ഇതോടെയാണ് ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടം നിർമിച്ചുനൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒ.പി. കൗണ്ടർ, ഫാർമസി, ഒബ്സർവേഷൻ ഏരിയ, തുടങ്ങിയ ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളടങ്ങിയ കെട്ടിടം നിർമിച്ചുനൽകാനാണ് പദ്ധതി. അപകടത്തിൽനിന്ന് ലഭിച്ച നഷ്ടപരിഹാര തുകയിൽനിന്ന് ഒരു വിഹിതമാണ് എല്ലാവരും ഇതിലേക്ക് സംഭാവന ചെയ്യുക. അമ്പതുലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കരിപ്പൂരിൽ മന്ത്രി വി.അബ്ദുറഹിമാൻ, ടി.വി. ഇബ്രാഹിം എം.എൽ.എ. തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് പദ്ധതിയുടെ ധാരണാപത്രം കൈമാറും.

2020 ഓഗസ്റ്റ് ഏഴാം തീയതിയാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് 1344 വിമാനം കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. 184 യാത്രക്കാരും ആറ് ജീവനക്കാരും അടക്കം ആകെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പൈലറ്റുമാർക്കും കുട്ടികളടക്കം 19 യാത്രക്കാർക്കും ജീവൻ നഷ്ടമായി.

Back to top button
error: