CrimeNEWS

പൈലറ്റാണെന്ന് പരിചയപ്പെടുത്തി യുവതികളുമായി സൗഹൃദത്തിലായി പണം തട്ടുന്ന 25കാരന്‍ പിടിയില്‍; മുന്നൂറോളം യുവതികളില്‍നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങള്‍

ദില്ലി: പൈലറ്റാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി 300ലധികം യുവതികളെ കബളിപ്പിച്ച് വൻതുക തട്ടിയെടുത്ത സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ​ഗുരു​ഗ്രാം പൊലീസാണ് യുവാവിനെ തന്ത്രപരമായി കുടുക്കിയത്. വിമാനത്തിലെ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൗഹൃദത്തിലാകുകയും പിന്നീട് പണം തട്ടുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. സ്വകാര്യ എയര്‍ലൈനുകളില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ്  ഏറെയും ഇയാൾ കബളിപ്പിച്ചത്.

കബളിപ്പിച്ച് 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഗോള്‍ഫ് കോഴ്‌സ് റോഡിലെ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായി 300ഓളം യുവതികളെ തട്ടിപ്പിനിരയാക്കിയെന്ന് ബോധ്യമായി. പൈലറ്റെന്ന വ്യാജേനസോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ 150ലധികം വ്യാജ പ്രൊഫൈലുകളാണ് ഇയാൾ തട്ടിപ്പിനായി ഉണ്ടാക്കിയത്. യുവതികളുമായി ഏറെക്കാലം സൗഹൃദം സ്ഥാപിച്ചതിന് ശേഷം പണം തട്ടുകയാണ് ഇയാളുടെ രീതി. തട്ടിപ്പിനിരയാക്കിയ യുവതികളാരും ഇയാളെ നേരിൽ കണ്ടിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു, പേഴ്‌സ് പോക്കറ്റടിച്ചു, ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ആയി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ഇയാൾ പണം വാങ്ങിയിരുന്നത്. തിരികെ നല്‍കാമെന്ന ഉറപ്പിലാണ് യുവതികൾ പണം നൽകിയിരുന്നത്. എന്നാൽ പണം ലഭിച്ച ശേഷം ഇയാൾ ഇവരുമായി ബന്ധപ്പെട്ടിരുന്നില്ല.

Back to top button
error: