KeralaNEWS

മധുവിന്റെ കേസ്: ഇടത് സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായി: കെ.സുരേന്ദ്രൻ

 

തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി കൊല ചെയ്ത കേസ് സർക്കാർ അട്ടിമറിക്കുകയാണെന്നും ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്പോൺസർ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്. നേരത്തെ കേസിലെ പ്രതിക്ക് സിപിഎം പാർട്ടി ചുമതല നൽകി മലയാളികളെ മുഴുവൻ വെല്ലുവിളിച്ചിരുന്നു. ഇതിന്റെ തുടർച്ച തന്നെയാണ് കേസ് അട്ടിമറിയിൽ എത്തി നിൽക്കുന്നത്. കേരളത്തിലെ ആദിവാസി വിഭാ​ഗം സംഘടിത വോട്ട്ബാങ്ക് അല്ലാത്തതു കൊണ്ടാണ് പിണറായി സർക്കാർ മധുവിന് നീതിനിഷേധിക്കുന്നത്. സംഘടിത മതവിഭാ​ഗത്തിന് സംസ്ഥാനത്ത് എന്തുമാവാം എന്നത് ആലപ്പുഴ കളക്ടറെ മാറ്റിയതോടെ കേരളത്തിന് മനസിലായെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വാളായറിന് സമാനമായ രീതിയിലാണ് മധു കേസും സർക്കാർ അട്ടിമറിക്കുന്നത്. അവ​ഗണിക്കപ്പെടുന്ന ജനവിഭാ​ഗത്തിന് നീതി ലഭിക്കാതിരിക്കാൻ ആസൂത്രിതമായ ​ഗൂഢാലോചനയാണ് സിപിഎം നടത്തുന്നത്. മധുവധ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെ എന്തുവില കൊടുത്തും ബിജെപി പ്രതിരോധിക്കും.

Back to top button
error: