KeralaNEWS

നഴ്സിങ് കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്ന നടപടി അനന്തമായി നീളുന്നു, പ്രവേശനം അനിശ്ചിതത്വത്തില്‍; 45 കോളേജുകള്‍ക്ക് ഇനിയും അനുമതിയില്ല, അനുമതി ലഭിച്ചവയില്‍ സീറ്റും കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്ന നടപടി അനന്തമായി നീണ്ടതോടെ പ്രവേശനം അനിശ്ചിതത്വത്തില്‍. 125 കോളേജുകളില്‍ 80 കോളേജുകള്‍ക്കാണ് ആരോഗ്യസര്‍വകലാശാലയുടെയും നഴ്സിങ് കൗണ്‍സിലിന്റെയും പ്രവേശനാനുമതി ലഭിച്ചത്. അനുമതി ലഭിച്ചവയില്‍ പലതിന്റെയും സീറ്റും കുറച്ചു. എല്ലാ വര്‍ഷവും പ്രവേശനനടപടികള്‍ തുടങ്ങുംമുമ്പ് ആരോഗ്യസര്‍വകലാശാലാ ജനറല്‍കൗണ്‍സില്‍ നിയോഗിക്കുന്ന സൂക്ഷ്മപരിശോധനാസമിതിയും നഴ്സിങ് കൗണ്‍സിലും കോളേജുകളിലെ സൗകര്യങ്ങള്‍ പരിശോധിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനാനുമതി നല്‍കുന്നത്. ന്യൂനത കണ്ടാല്‍ അതു പരിഹരിച്ച് അപേക്ഷ നല്‍കുന്ന മുറയ്ക്കാണ് അനുമതി ലഭിക്കുക.

സ്വാശ്രയ കോളേജുകളിലെ പകുതിസീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയിട്ടുണ്ട്. എല്‍.ബി.എസ്. ആണ് ആ സീറ്റുകളിലേക്ക് പ്രവേശനം നടത്തുക. അവശേഷിക്കുന്ന 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് മാനേജ്മെന്റ് അസോസിയേഷനുകളും.മാനേജ്മെന്റ് അസോസിയേഷനുകള്‍ ഈ സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിച്ചുകഴിഞ്ഞു. പ്രവേശനാനുമതി ലഭിച്ചാല്‍മാത്രമേ ഓരോ കോളേജിനും മാനേജ്‌മെന്റ് സീറ്റ് ഉള്‍പ്പെടെ എത്ര സീറ്റുണ്ടെന്ന് വ്യക്തമാവൂ. ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് നഴ്സിങ് പ്രവേശനത്തിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ നല്‍കിയിട്ടുള്ള സമയം.ഓഗസ്റ്റ് 30-നകം പ്രവേശനം പൂര്‍ത്തിയാക്കണം. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലേതടക്കം 7200-ഓളം സീറ്റാണുള്ളത്. ഇക്കൊല്ലം പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലും പ്രവേശനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

 

Back to top button
error: