KeralaNEWS

വനമധ്യത്തില്‍ പോയി ഗര്‍ഭിണികളെ രക്ഷിച്ചു: അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ 3 ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പോലീസിനും വനം വകുപ്പിനും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

കനത്ത മഴയ്ക്കിടെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവരെ വനംവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. ഒരു സ്ത്രീ പെണ്‍കുഞ്ഞിനെ കാട്ടില്‍ വച്ച് പ്രസവിച്ചു. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്.

അമ്മയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ അവര്‍ തയ്യാറായില്ല. ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കി.

Back to top button
error: