IndiaNEWS

മരുന്നുകളുടെ പ്രചാരണത്തിന് ഡോളോ നിര്‍മാതാക്കളില്‍നിന്ന് ഡോക്ടര്‍മാര്‍ കൈപ്പറ്റിയത് 1000 കോടിയുടെ സൗജന്യങ്ങള്‍; നടപടിക്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന്‍

ന്യൂഡല്‍ഹി: കമ്പനിയുടെയും മരുന്നുകളുടെയും അധാര്‍മിക പ്രചാരണത്തിന് മൈക്രോ ലാബ്സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്ന് സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ കുരുക്കിലേക്ക്. ഇവരുടെ രജിസ്ട്രേഷന്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍, ആദായനികുതി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇവര്‍ക്കെതിരേ കമ്മിഷന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ഡോളോ 650 ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാതാക്കളായ മൈക്രോ ലാബ്സിന്റെ പക്കല്‍നിന്ന് അനര്‍ഹമായ സൗജന്യങ്ങള്‍ ചില ഡോക്ടര്‍മാര്‍ കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ അവിചാരിതമായി കണ്ടെത്തുകയായിരുന്നു.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് മൈക്രോലാബ്സിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞമാസം പരിശോധന നടത്തിയത്. എന്നാല്‍ ഈ പരിശോധനയില്‍, കമ്പനിയുടെയും മരുന്നുകളുടെയും അധാര്‍മികമായ പ്രചാരണത്തിന് കമ്പനി ശ്രമിച്ചു എന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിക്കുകയായിരുന്നു.

മൈക്രോ ലാബ്സിന്റെ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിദേശയാത്ര ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ കമ്പനി നല്‍കിയിരുന്നതായാണ് കണ്ടെത്തിയത്. ഇതിനായി ആയിരംകോടിയോളം രൂപ കമ്പനി ചെലവാക്കിയെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിരുന്നു. ഇതിന് പിന്നാലെ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ എത്തിക്സ് കമ്മിറ്റിയോട് വിഷയത്തെപ്പറ്റി അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനും പ്രാക്ടീസ് തുടരാനുള്ള അവകാശവും നഷ്ടമാകും.

Back to top button
error: