KeralaNEWS

”നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ… പ്രിയപ്പെട്ട കളക്ടര്‍ മാമന്‍”; ആലപ്പുഴയിലെ അവധിപ്രഖ്യാപനം രണ്ടാം ദിനവും സൂപ്പര്‍ഹിറ്റ്!

ആലപ്പുഴ: അവധിക്കായി മറ്റു ജില്ലകളിലെ കലക്ടര്‍മാരുടെ പേജുകളില്‍ ട്രോളും കമന്റുമായി വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്ന കാഴ്ചകള്‍ക്കിടെ ആലപ്പുഴ കലക്ടറെ പ്രശംസകൊണ്ട് മൂടുകയാണ് വിദ്യാര്‍ഥികള്‍. വിവാദങ്ങള്‍ക്കിടെ ആലപ്പുഴ കലക്ടറായി ചുമതലയേറ്റ കൃഷ്ണ തേജയാണ് വിദ്യാര്‍ഥികളെ കയ്യിലെടുത്ത് വീണ്ടും ജില്ലയുടെ സ്റ്റാറായി മാറിയിരിക്കുന്നത്.

അപ്രതീക്ഷിതമായി ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തെത്തിയ കൃഷ്ണ തേജ സ്ഥാനം ഏറ്റെടുത്ത് ആദ്യം ഒപ്പിട്ട ഉത്തരവ് വിദ്യാര്‍ഥികള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതായിരുന്നു. ഇത് ഇന്നലെ വൈറലായതിനു പിന്നാലെ കലക്ടറുടെ ഇന്നത്തെ അവധിയും ഹിറ്റായിക്കഴിഞ്ഞു.

”പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം.
ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്‌നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍”

എന്നതായിരുന്നു കലക്ടറുടെ അവധിപ്രഖ്യാപന പോസ്റ്റ്. മഴക്കാല ദുരിതങ്ങള്‍ക്കിടെ കുട്ടികളോടുള്ള കരുതല്‍ വ്യക്തമാക്കുന്ന കളക്ടറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. സ്വയം കളക്ടര്‍മാമനായി മാറി അവധി പ്രഖ്യാപനം മാത്രമല്ല രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോവുമ്പോള്‍ കുട്ടികള്‍ ചേയ്യേണ്ട കാര്യങ്ങളും തന്റെ കുറിപ്പിലൂടെ സ്നേഹപൂര്‍വം ഉപദേശിക്കുകയാണ് കലക്ടര്‍ .

അവര്‍ക്ക് ഉമ്മ കൊടുക്കണമെന്നും സൂക്ഷിച്ച് വണ്ടിയോടിച്ച് വരണമെന്ന് അവരോട് പറയണമെന്നും കളക്ടറുടെ അവധി പ്രഖ്യാപന പോസ്റ്റില്‍ പറയുന്നു. കലക്ടര്‍ വേറെ ലെവലെന്ന് കമന്റ്ബോക്സില്‍ പോസ്റ്റിനോടുള്ള പ്രതികരണങ്ങള്‍ തുരുതുരെ വന്ന് കൊണ്ടിരിക്കുകയാണ്. വലിയ രീതിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.

സൂക്ഷിച്ച് വണ്ടിയോടിക്കണമെന്നുള്ള ഉപദേശം വെങ്കിട്ടരാമനെ ഉദ്ദേശിച്ചാണോയെന്നും ആളുകള്‍ കമന്റില്‍ ചോദിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയതോടെയാണ് അപ്രതീക്ഷിതമായി കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കലക്ടറായത്.

 

 

Back to top button
error: