KeralaNEWS

വന്‍ ശബ്ദം കേട്ട് കുട്ടികള്‍ ഓടിമാറി; പിന്നാലെ റോഡിന്റെ വന്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട്ടുമുറ്റത്ത്

ഇലവുംതിട്ട: വീടിന്റെ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ വന്‍ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
നിര്‍മാണത്തിലിരിക്കുന്ന റോഡിന്റെ കൂറ്റന്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. തെറിച്ചു വന്ന വലിയ കോണ്‍ക്രീറ്റ് പാളി ശരീരത്ത് പതിക്കാതെ രണ്ടു കുട്ടികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പത്തനംതിട്ടയിലെ രാമന്‍ചിറ-പനങ്ങാട്-പാണില്‍ റോഡില്‍ കുരിശടി പടിക്ക് സമീപം നെല്ലിക്കാല ജിജിവില്ലയില്‍ എന്‍.പി. ജോര്‍ജിന്റെ വീടിനു മുകളിലും മുറ്റത്തുമായാണ് സംരക്ഷണഭിത്തി തകര്‍ന്നു വീണത്. ഇന്നലെ പകല്‍ 10.30 നാണ് സംഭവം. 15 അടി പൊക്കത്തില്‍ 25 മീറ്ററോളം വരുന്ന ഡി.ആര്‍.കെട്ടും കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയുമാണ് വന്‍ശബ്ദത്തോടെ തകര്‍ന്നത്.

ഈ സമയം വീടിന് മുന്‍വശത്തെ ചവിട്ടുപടിയ്ക്കടുത്തുനിന്ന കുട്ടികള്‍ കോണ്‍ക്രീറ്റ് പൊട്ടുന്ന ശബ്ദം കേട്ട് ഓടി മാറുകയായിരുന്നു. കുട്ടികള്‍ നിന്ന സ്ഥലത്താണ് ഏഴടിയോളം നീളവും നാലടിയോളം വീതിയുമുള്ള കോണ്‍ക്രിറ്റ് കഷണം വന്നു പതിച്ചത്. വീടിന്റെ മുകളിലും മുറ്റത്തും കോണ്‍ക്രീറ്റ് കഷണങ്ങള്‍ പതിച്ചു.

വിവരമറിഞ്ഞ് എത്തിയ കെ.എസ്.ടി.പി അധികൃതരോടും നാട്ടുകാര്‍ പ്രതിഷേധിച്ചു. കെ.എസ്.ടി.പി ഏറ്റെടുത്ത് നടത്തുന്ന റോഡിന്റെ പണി അശാസ്ത്രീയമാണെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ ഇരുമ്പ് കമ്പികളുടെ കനവും എണ്ണവും കുറവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Back to top button
error: