KeralaNEWS

വയനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് മങ്കിപോക്സില്ല

കൽപ്പറ്റ: വയനാട് ജില്ലയില്‍ മങ്കി പോക്സ് സംശയത്തോടെ മാനന്തവാടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. ഇതോടെ യുവതിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒൻപത് മങ്കിപോക്സ് കേസുകളാണ്.

കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാർഗ്ഗങ്ങളിലൂടെ മങ്കി പോക്സ് പ്രതിരോധവും നടപ്പിലാക്കാനാണ് കേന്ദ്രത്തിൻറെ നീക്കം. ഇതിനിടെ മങ്കി പോക്‌സ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധർ പുനെവാലയുടെ പ്രതികരണം. നേരത്തെ ഐസിഎംആർ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനുള്ളിലാണ് താത്പര്യ പത്രം നൽകേണ്ടത്. കേരളത്തിൽ മരിച്ചയാൾ ഉൾപ്പടെ 8 പേർക്കാണ് രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ദില്ലിയിൽ താമസിക്കുന്ന മറ്റൊരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ രാജ്യതലസ്ഥാനത്തെ രോഗികളുടെ എണ്ണം മൂന്നായി.

മങ്കിപോക്സ് പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നുണ്ട്. രോഗം പകരാതിരിക്കാൻ മങ്കിപോക്സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കണമെന്നതാണ് ഇതിൽ പ്രധാനം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്പർക്കത്തിൽ വരുമ്പോൾ കൈയ്യുറയും മാസ്കും ധരിക്കുക തുടങ്ങിയ മാർഗ്ഗനിർദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ പൊതു പരിപാടികളിൽ നിന്ന് വിട്ടു നിൽക്കണം. മങ്കിപോക്സുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭീതി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

Back to top button
error: