CrimeNEWS

ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയംവച്ച് എട്ട് ലക്ഷം തട്ടി പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

പൂച്ചാക്കൽ: ആലപ്പുഴയില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. മുഹമ്മ പഞ്ചായത്ത് 9-ൽ പട്ടാറച്ചിറ വീട്ടിൽ ബന്നി മകൻ സോനുവിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെഡറൽ ബാങ്കിന്‍റെ പൂച്ചാക്കല്‍ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 8,00,000 രൂപ തട്ടിയെടുത്ത് കേസ്സിൽ ഒളിവിലായിരുന്നു ഇയാള്‍. 2021 ഫെബ്രുവരിയിലാണ് സോനു ഫെഡറൽ ബാങ്കിൽ പണയത്തട്ടിപ്പു നടത്തിയത്.

തട്ടിപ്പ് മനസിലാക്കി ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ കേസ്സ് എടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കേസെടുത്തതോടെ പ്രതി തമിഴ് നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചേർത്തല ഡി.വൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതി പാലാരിവട്ടം, ചേർത്തല, പൂച്ചാക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ വിവിധ കേസ്സുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു.

പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ അജയ്മോഹൻ, സബ് ഇൻസ്പെക്ടർ ജേക്കബ് കെ.ജെ., സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രവീഷ്, അരൂൺ, ഗിരീഷ്, നിധിൻ, ബൈജു. അനീഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: