NEWSWorld

അമേരിക്കയുടെ കടുത്ത നടപടിയില്‍ പുട്ടിന്റെ വിവാദ കാമുകിയും കുടുങ്ങി; യു.എസിലെ സ്വത്തുക്കള്‍ മരവിപ്പിച്ചു!

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക സ്വീകരിച്ച കടുത്ത നടപടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ വിവാദ കാമുകിയും കുടുങ്ങി. പുടിനുമായി ബന്ധപ്പെട്ട നിരവധി പ്രമുഖര്‍ക്കെതിരെ യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധമാണ് പുടിന്റെ കാമുകിക്ക് വിനയായത്. ഒളിംപിക്‌സ് മെഡല്‍ നേടിയ പ്രമുഖ ജിംനാസ്റ്റിക്‌സ് താരവും റഷ്യന്‍ പാര്‍ലമെന്റ് അംഗവുമായ അലിന മാരതോവ്‌ന കബായെവയ്ക്ക് എതിരെയാണ് യു എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ സ്വത്തുക്കളുള്ള അലിനയുടെ യുഎസിലെ ആസ്തികള്‍ ഇതോടെ മരവിപ്പിക്കപ്പെട്ടു. ഇവരുമായി ഇടപഴകുന്നതില്‍നിന്നും സ്വന്തം പൗരന്‍മാരെ യുഎസ് വിലക്കുകയും ചെയ്തു. പുടിനുമായി ബന്ധമുള്ള നിരവധി റഷ്യന്‍ പ്രമുഖരും പുതുതായി പുറത്തിറക്കിയ ഉപരോധ പട്ടികയിലുണ്ട്. അമേരിക്കയില്‍ വമ്പന്‍ ബിസിനസുകളുള്ള, കോടീശ്വരന്‍മാരും പട്ടികയില്‍ പെടുന്നു.

പുടിന്‍ ഭരണകൂടത്തിനു വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റഷ്യയിലെ വമ്പന്‍ മാധ്യമസ്ഥാപനത്തിന്റെ മേധാവിയാണ് അലിന. യുക്രൈന്‍ അധിനിവേശത്തില്‍ പുടിന് അനുകൂലമായ കാമ്പെയിനുകള്‍ നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഇവരുടെ ചുമതലയിലുള്ള നാഷനല്‍ മീഡിയ ഗ്രൂപ്പ്. രണ്ടു മാസം മുമ്പേ ്രബിട്ടനും യൂറോപ്യന്‍ യൂനിയനും ഇവര്‍ക്കെതിരെ യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ജിംനാസ്റ്റിക്‌സ് താരം എന്നതിനു പുറമെ, സിനിമാ താരവും മോഡലും രാഷ്ട്രീയ നേതാവുമാണ് പുടിന്റെ കാമുകിയായി അറിയപ്പെടുന്ന അലിന കബായെവ. രണ്ട് ഒളിമ്പിക്സ് മെഡലുകളും 17 ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും നേടിയ അലിന റിതമിക് ജിംനാസ്റ്റിക്സില്‍ ലോകത്തെ ഒന്നാംകിട താരങ്ങളില്‍ ഒരാളാണ്. കായിക താരം എന്ന നിലയില്‍ അറിയപ്പെട്ട അലിന പിന്നീട് പുടിന്റെ സ്വന്തക്കാരിയായി മാറി. പുടിന്റെ യുനൈറ്റഡ് റഷ്യന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഇവര്‍ പാര്‍ലമെന്റ് അംഗമായി. പുടിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നാഷനല്‍ മീഡിയാ ഗ്രൂപ്പിന്റെ അധ്യക്ഷയായി വൈകാതെ ഇവര്‍ മാറി.

നേരത്തെ മുസ്ലിം ആയിരുന്ന അലിന പിന്നീട് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്നു. 2004-ല്‍ ഇവര്‍ പൊലീസ് ഉദ്യോഗസ്ഥനായ ഡേവിഡ് മുസെലിയാനിയെ വിവാഹം ചെയ്തു. എന്നാല്‍, 2005-ല്‍ വിവാഹമോചിതയായി. ഇതിനു ശേഷമാണ പുടിനുമായി ഇവര്‍ അടുക്കുന്നത്. ഇവരുടെ പ്രണയത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നെങ്കിലും റഷ്യന്‍ ഭരണകൂടം അതു നിഷേധിച്ചു. അതിനു ശേഷം, പുടിന് അലിനയില്‍ രണ്ട് മക്കള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനം സര്‍ക്കാര്‍ പൂട്ടിച്ചു. ഈ വാര്‍ത്ത അലിന നിഷേധിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടും പുടിനും അലിനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നു. പുടിന്റെ കാമുകിയായാണ് ഇപ്പോള്‍ അലിന അറിയപ്പെടുന്നത്. അതിനിടെയാണ് അമേരിക്കയുടെ ഉപരോധം.

Back to top button
error: