IndiaNEWS

81 ഭേദഗതി നിര്‍ദേശിച്ച് പാര്‍ലമെന്ററി സമിതി; വ്യക്തിവിവര സംരക്ഷണ ബില്‍ കേന്ദ്രം ലോക്സഭയില്‍നിന്ന് പിന്‍വലിച്ചു

ന്യൂഡല്‍ഹി: സംയുക്ത പാര്‍ലമെന്ററി സമിതി 81 ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെ വ്യക്തിവിവര സംരക്ഷണ ബില്‍ (പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021) കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍നിന്ന് പിന്‍വലിച്ചു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, വിവര സംരക്ഷണ അതോറിറ്റി (ഡേറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ) സ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു ബില്ലിലെ പ്രധാന വിഷയങ്ങള്‍.

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയും ബില്‍ പിന്‍വലിക്കപ്പെടുകയുമായിരുന്നു. ജെ.പി.സിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സമഗ്രമായ നിയമ ചട്ടക്കൂട് തയ്യാറാക്കി വരികയാണ്. ഈ സാഹചര്യത്തില്‍, ബില്‍ പിന്‍വലിക്കാനും സമഗ്രമായ ഒരു പുതിയ ബില്‍ അവതരിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

2019 ഡിസംബര്‍ 11-നാണ് ബില്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. പൗരന്മാരുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബില്ലിനെതിരേ രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് ഇത് പരിശോധനയ്ക്കും നിര്‍ദേശങ്ങള്‍ക്കുമായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. വ്യക്തിവിവര സംരക്ഷണ ബില്‍ 2019 വിശദമായി പരിശോധിച്ച സംയുക്ത സമിതി ഡിജിറ്റല്‍ മേഖലയില്‍ സമഗ്രമായ നിയമ ചട്ടക്കൂട് കൊണ്ടുവരുന്നതിനായി 81 ഭേദഗതികളും 12 നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. കഴിഞ്ഞ ഡിസംബര്‍ 16-നാണ് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോക്സഭയില്‍ വച്ചത്.

 

Back to top button
error: