KeralaNEWS

ഒരേ നിറം ചതിച്ചു; ട്രഷറിയില്‍നിന്നിറങ്ങിയ വയോധികന്‍ പണം വച്ചത് മറ്റൊരാളുടെ വാഹനത്തില്‍; തക്കസമയത്തെ പോലീസ് ഇടപെടലിനൊടുവില്‍ ആശ്വാസം

മലപ്പുറം: പണമടങ്ങിയ ബാഗ് അബദ്ധത്തില്‍ മറ്റൊരു വാഹനത്തില്‍ വച്ച വയോധികന് തുണയായി പോലീസ്. അങ്ങാടിപ്പുറത്ത് മംഗലത്ത് മനയില്‍ ശ്രീകുമാരന്‍തമ്പിക്കാണ് അബദ്ധത്തില്‍ പണം നഷ്ടമായത്. പണമെടുക്കാന്‍ പെരിന്തല്‍മണ്ണ ട്രഷറിയിലെത്തിയതായിരുന്നു ശ്രീകുമാരന്‍ തമ്പി.

കിട്ടിയ പണം ബാഗിലാക്കി തന്റെ സ്‌കൂട്ടറില്‍ കൊണ്ടുവച്ച ശേഷം അദ്ദേഹം വീണ്ടും ട്രഷറിയിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം വാഹനവുമായി വീട്ടിലേക്കുപോയി. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ വാഹനത്തില്‍ പണമടങ്ങിയ ബാഗ് ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ശ്രീകുമാരന്‍തമ്പി തിരിച്ച ട്രഷറിയിലെത്തി നോക്കിയെങ്കിലും ബാഗ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

വിഷമത്തില്‍ നില്‍ക്കുന്ന വയോധികനെക്കണ്ട് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഉല്ലാസ് കാര്യം അന്വേഷിച്ചു. തുടര്‍ന്ന് പണം നഷ്ടമായ വിവരം ശ്രീകുമാരന്‍തമ്പി പറഞ്ഞു. ഉല്ലാസ് ഇക്കാര്യം എസ് ഐ നൗഷാദിനെ അറിയിച്ചു. ഉടന്‍തന്നെ പോലീസെത്തി സമീപത്തെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു. അന്വേഷണത്തില്‍ ശ്രീകുമാരന്‍ തമ്പി ബാഗ് വച്ചത് സമാന നിറത്തിലുള്ള മറ്റൊരു സ്‌കൂട്ടറിലാണെന്നു കണ്ടെത്തുകയും ഈ വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

തുടര്‍ന്ന് ഈ വാഹനത്തിന്റെ ഉടമ ആലിപ്പറമ്പ് സ്വദേശിയാണെന്നു കണ്ടെത്തി അദ്ദേഹത്തെ വിളിച്ച് വിവരം അറിയിച്ചു. തന്റെ വാഹനത്തില്‍ പണമടങ്ങിയ ബാഗ് ഉണ്ടെന്ന് അദ്ദേഹവും അപ്പോഴാണ് അറിയുന്നത്. തുടര്‍ന്ന് പണമടങ്ങിയ ബാഗ് അദ്ദേഹം സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പിന്നീട് ശ്രീകുമാരന്‍തമ്പി പെരിന്തല്‍മണ്ണ സ്റ്റേഷനിലെത്തി സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറില്‍നിന്ന് പണവും ബാഗും ഏറ്റുവാങ്ങി.

Back to top button
error: