CrimeNEWS

കോട്ടയത്ത് ശിക്ഷകേട്ട് പ്രതിയിറങ്ങി ഓടി; അറസ്റ്റ് വാറണ്ടിറക്കി കോടതി; പരക്കംപാഞ്ഞ് പോലീസ്

കോട്ടയം: വ്യാപാരിയെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചെന്ന കേസിലെ പ്രതി ജഡ്ജി ശിക്ഷ വിധിച്ചതുകേട്ട് കോടതിയില്‍ നിന്നിറങ്ങിയോടി. ചാത്തന്‍തറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് ഓടിപ്പോയത്.

കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വ്യാപാരിയെ മര്‍ദ്ദിച്ച കേസില്‍ മൂന്നു പ്രതികളാണുള്ളത്. കേസിന്റെ വിധി പറയാന്‍ തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് ജാമ്യത്തിലായിരുന്ന മൂന്ന് പ്രതികളും വിധികേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ആറുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്. ഇതിനു പിന്നാലെ അജാസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാനായിട്ടില്ല.

2018 ജൂലായിലായിരുന്നു പ്രതികളെ ശിക്ഷിക്കാന്‍ ഇടയാക്കിയ കേസിനാസ്പദമായ സംഭവമുണ്ടായത്. ഫെയ്സ് ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികള്‍, മുക്കുട്ടുതറ സ്വദേശിയായ വ്യാപാരിയെ മര്‍ദ്ദിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. നാലുവര്‍ഷമായി വിചാരണ നടന്നുവന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. രക്ഷപ്പെട്ട പ്രതിക്കായി കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. എരുമേലി പോലീസ് തിരച്ചില്‍ നടത്തിവരുന്നു.

Back to top button
error: