KeralaNEWS

സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഉരുള്‍പൊട്ടല്‍, കനത്ത മഴ. കണ്ണൂരില്‍ വൻ നാശനഷ്ടം

കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത  മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കണ്ണൂരില്‍ അതീവ ജാഗ്രത തുടരുന്നു. മലയോര ജില്ലയിലെ  ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍ കേളകം, കണ്ണിച്ചാര്‍, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. ജില്ലയിലെ കണ്ണിച്ചാർ പഞ്ചായത്തില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി വ്യാപകനാശമുണ്ടായി. പൂളക്കുറ്റിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻതോതിൽ പാറകളും മണ്ണും നാല് കിലോമീറ്റർ ദൂരത്തിൽ ഒഴുകി ഇറങ്ങി. ചന്ദ്രൻ എന്ന വ്യക്തിയുടെ വീട് പൂർണമായി നശിച്ചു. ചന്ദ്രന്‍റെ മൃതദേഹം രക്ഷാപ്രവർത്തകർ രണ്ടര കിലോമീറ്റർ ദൂരെ നിന്നാണ് കണ്ടെടുത്തത്. ഇദ്ദേഹത്തിന്‍റെ മകൻ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് എന്ന ഓട്ടോഡ്രൈവറും നുമാ തസ്ലീൻ എന്ന രണ്ടര വയസ്സുകാരിയും കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിൽ മരണപ്പെട്ടിരുന്നു.  തുടർച്ചയായ ഉരുൾപൊട്ടൽ ഉണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

കണ്ണവം വനഭാഗത്തും വൻ നാശനഷ്ടങ്ങൾ ഉണ്ടായി. ഉരുൾപൊട്ടൽ മേഖലയിലേക്ക് ആളുകളുടെ സന്ദർശനം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷാപ്രവർത്തിന് ഇത്തരം സന്ദർശകർ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അനാവശ്യമായി ആരേയും ദുരന്തമേഖലകളിലേക്ക് കടത്തി വിടേണ്ട എന്ന നിർദേശം പൊലീസ് നൽകുന്നത്.

അതേസമയം കനത്ത മഴയിൽ സംസ്ഥാനത്തേറ്റവും നാശനഷ്ടങ്ങളുണ്ടാവുകയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടും കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാത്തതിൽ വിമർശനം ശക്തം. ഇന്നലെ രാത്രി വൈകിയും മാധ്യമപ്രവർത്തകരെ ബന്ധപ്പെട്ട് അവധിയുടെ കാര്യം ആളുകൾ അന്വേഷിച്ചു കൊണ്ടിരുന്നു. കണ്ണൂർ കളക്ടറുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധമുണ്ടായി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്നും അതീവജാഗ്രത തുടരുകയാണ്.  ആലപ്പുഴ മുതൽ കണ്ണൂർ വരെ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിടത്ത് ഓറഞ്ച് അലർട്ടും നിലവിലുണ്ട്.. 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു.

Back to top button
error: