CrimeNEWS

മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ്: 50 കോടി തട്ടിയ സംഘത്തിലെ പ്രധാനി ‘മീശ’ ബാബു അറസ്റ്റില്‍; പിടിയിലായത് മറ്റൊരു പേരില്‍ കമ്പനി നിര്‍മ്മിച്ച് പണം തട്ടാനുള്ള പദ്ധതി നടത്തി വരവേ

മലപ്പുറം: മണിചെയിൻ മാതൃകയിൽ 50 കോടിയോളം രൂപ തട്ടിയ അന്തർ സംസ്ഥാന സംഘത്തിലെ പ്രധാനി മലപ്പുറത്ത്‌  പിടിയിൽ. തൃശ്ശൂർ  സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവാണ് പിടിയിലായത്. കേരളത്തിലെ  വിവിധ ജില്ലകളും തമിഴ‍്‍നാട്, ബംഗാൾ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ആയിരക്കണക്കിന് ആളുകൾ തട്ടിപ്പിന് ഇരയായി എന്നാണ് പൊലീസിന് ലഭിച്ച  വിവരം. കൊണ്ടോട്ടി  സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.

2020ൽ ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ബാബുവും പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ചേർന്ന്  സ്ഥാപനം തുടങ്ങുന്നത്. ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കമ്പനിയുടെ മോഹന വാഗ്‍ദാനത്തിൽ വീണു. കമ്പനി പറഞ്ഞ ലാഭം കിട്ടാതായതോടെയെും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ വന്നതോടെയും ആണ് പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പൊലീസ് സൈബർ ഡോമിന്റെ പേരിൽ വ്യാജ ബ്രോഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു. ഒരു ഭാഗം ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂരിലെ ഒളിത്താവളത്തിൽ മറ്റൊരു പേരിൽ കമ്പനി നിർമ്മിച്ച് പണം തട്ടാൻ ഉള്ള പദ്ധതി നടത്തി വരവേയാണ് പ്രത്യേക അന്വോഷണ സംഘം  പ്രതികളെ വലയിലാക്കിയത്. സംഘത്തിലെ ബാക്കിയുള്ളവ‍ർക്കായി പൊലീസ് അന്വേഷണം തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Back to top button
error: