LIFESocial Media

കൈയ്യില്‍ കോടാലിയുമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാരന്‍! റോങ് സൈഡ് കയറിവന്ന ബൈക്ക് യാത്രക്കാരെ വിരട്ടിയോടിച്ചു

ഡല്‍ഹി: ഇന്ത്യന്‍ റോഡുകളില്‍ ട്രാഫിക് നിയന്ത്രണം ശ്രമകരമായ ജോലിയാണ്. എന്നാല്‍ ദില്ലിക്ക് സമീപം ഹരിയാനയിലെ ഫരീദാബാദിലെ ഒരു പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കാനിറങ്ങിയത് കൈയ്യിലൊരു കോടാലിയുമായാണ്. നിയമം തെറ്റിച്ച് ബൈക്കിലെത്തുന്ന വിരുദ്ധന്‍മാരെ വിരട്ടാനാണ് ഇത്തരമൊരു സാഹസം. തെറ്റായ ഭാഗത്തുകൂടി എത്തിയ ബൈക്കിന് മുന്നിലാണ് ഉദ്യോഗസ്ഥന്‍ കോടാലിയുമായി ചാടി വീണത്. ബൈക്ക് യാത്രികന്‍ വാഹനം തിരിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ ഇയാളുടെ വാഹനത്തിന് പുറകില്‍ ചവിട്ടുകയും ചെയ്യുന്നുണ്ട്.

റോങ് സൈഡിലൂടെ വന്നുവെന്ന് മാത്രമല്ല, ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ബാതാ ചൗക്കിലാണ് സംഭവം നടന്നത്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വീഡിയോയിലുള്ള പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോടാലി ബൈക്ക് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തതാണെന്നും കേള്‍ക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ച് നടപടിയെടുക്കുമെന്നും ഹരിയാന പൊലീസ് വക്താവ് സുബെ സിംഗ് പറഞ്ഞു.

Back to top button
error: