CrimeNEWS

സൗദി അറേബ്യയില്‍ നിന്ന് 13 ലക്ഷം റിയാലുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ അറസ്റ്റിലായി.

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് 13 ലക്ഷം റിയാലുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ അറസ്റ്റിലായി. കള്ളക്കടത്ത് നടത്താന്‍ വേണ്ടി ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ട് പുരുഷന്മാരെയും ഒരു യുവതിയെയുമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രോസിക്യൂഷന്‍ വിഭാഗം അറസ്റ്റ് ചെയ്‍തതെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

യുവതിയുടെ ബാഗില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് 13 ലക്ഷം റിയാല്‍ ഒളിപ്പിച്ചത്. ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിലൂടെയും മറ്റ് നിരവധി നിയമലംഘനങ്ങള്‍ നടത്തിയും സമ്പാദിച്ച പണമാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചതായും അധികൃതര്‍ അറിയിച്ചു. പിടിയിലായ മൂന്ന് പേരും ആഫ്രിക്കന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കള്ളപ്പണ ഇടപാടുകള്‍ക്കും രാജ്യത്തു നിന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്‍താണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. പണം പിടിച്ചെടുക്കാന്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക വിധിയാണ് ഇവര്‍ക്കെതിരെ കോടതിയില്‍ നിന്ന് ലഭിച്ചത്. പ്രതികളിലൊരാളുടെ താമസ സ്ഥലത്തു നിന്ന് വേറെയും പണം കണ്ടെടുത്തു. ഒപ്പം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുത്തു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിഴയും അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയുമാണ് മൂന്ന് പേര്‍ക്കും കോടതി വിധിച്ചിരിക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തും.

രാജ്യത്തു നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മറ്റുള്ളവരാല്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രത്യേക കാരണമൊന്നുമില്ലാതെ വിദേശത്തേക്ക് പണം അയക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് പബ്ലിക് പ്രോസിക്യൂഷന്‍ സ്വീകരിക്കുന്നതെന്നും ദേശീയ സമ്പദ് വ്യവസ്ഥയുടെ സുരക്ഷയ്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഓരോ വ്യക്തിക്കെതിരെയും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Back to top button
error: