KeralaNEWS

തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രം തിരുത്തണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃ‍ത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരേ സമയം 20 പ്രവൃത്തികള്‍ മാത്രമേ നടപ്പിലാക്കാവൂ എന്ന ഉത്തരവ് കേരളത്തിന് വലിയ തിരിച്ചടിയാണ്. തീരുമാനം തൊഴിൽ മേഖലയിലും പ്രാദേശിക സാമ്പത്തിക വികസനത്തിലും പ്രതിസന്ധി സൃഷ്ടിക്കും. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരാണ് ഈ തീരുമാനം. നിബന്ധന ഒഴിവാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിൻ്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാർഡിൽ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതൽ 23 വരെ വാർഡുകൾ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ. ഒരേ സമയം ഒരു വാർഡിൽ തന്നെ ഏറെ പ്രവൃത്തികൾ നടത്തിയാണ് തൊഴിലാളികളുടെ തൊഴിൽ ഡിമാൻ്റ് കേരളം നിലവില്‍ നിര്‍വഹിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഒരു വാര്‍ഡില്‍ ഒരു പ്രവൃത്തി മാത്രമായാല്‍ പോലും 20 വാര്‍ഡുകളിലേ പ്രവൃത്തി നടത്താനാകൂ. പല വാര്‍ഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതി വന്നാല്‍ സംസ്ഥാനത്ത് വലിയ തോതിലുള്ള തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കും.

മെറ്റീരിയല്‍ കോമ്പണന്‍റ് കുടിശിക ലഭിച്ചെങ്കിലും ഇപ്പോളും വിഷയത്തിലെ പ്രതിസന്ധി തുടരുകയാണ്. എല്ലാ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്കും വെൻഡേഴ്സിനും ഇനിയും പണം നല്‍കാനായിട്ടില്ല. കേന്ദ്രത്തിന്‍റെ പിഎഫ്എംഎസ് ഐഡി ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന് കാരണം. പണം പൂര്‍ണമായി വിതരണം ചെയ്യാത്തതിനാല്‍‍, ഈ പ്രവൃ‍ത്തികള്‍ പൂര്‍ത്തീകരിച്ചതായി വെബ്സൈറ്റില്‍ രേഖപ്പെടുത്താനാകുന്നില്ല. പണിപൂര്‍ത്തിയായ ഈ പ്രവൃത്തികളും, തുടരുന്ന പദ്ധതികള്‍ എന്ന പട്ടികയിലാണ് വരുന്നത്. ഫലത്തില്‍, പഞ്ചായത്തില്‍ 20 പ്രവൃത്തി എന്ന നിബന്ധന വരുന്നതോടെ പല പഞ്ചായത്തുകളിലും പുതുതായി ഒരു പദ്ധതി പോലും ഏറ്റെടുക്കാനാകാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്.

ഈ വര്‍ഷം പത്തരക്കോടി തൊഴില്‍ ദിനങ്ങളാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് ആറ് കോടി മാത്രമാണ്.

Back to top button
error: