CrimeNEWS

ബൈക്ക് നിര്‍ത്തിയതില്‍ തര്‍ക്കം: 15 മിനിറ്റോളം മൂവര്‍സംഘം അഴിഞ്ഞാടി; വീട് തല്ലിത്തകര്‍ത്തു, അമ്മയെയും മകനെയും ആക്രമിച്ചു

ഹരിപ്പാട്: ബൈക്ക് റോഡില്‍വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുയുവാക്കള്‍ചേര്‍ന്ന് വീടു തല്ലിത്തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും മകനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ചേപ്പാട് വലിയകുഴി കൃഷ്ണനിവാസില്‍ സുരേന്ദ്രന്റെ വീടിനുനേരേ ഞായറാഴ്ച രാത്രി ഏഴേകാലോടെയാണ് ആക്രമണമുണ്ടായത്. സുരേന്ദ്രന്റെ ഭാര്യ പ്രസന്ന (56), മകന്‍ ഉണ്ണിക്കൃഷ്ണന്‍ (32) എന്നിവര്‍ക്കാണു പരിക്കേറ്റത്.

ഉണ്ണിക്കൃഷ്ണന്‍ ബൈക്ക് വീടിനുസമീപം റോഡരികില്‍ നിര്‍ത്തി സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. ഈ സമയം ബൈക്കില്‍പ്പോയ മൂന്നംഗസംഘം ഇവരോട് ബൈക്ക് മാറ്റാനാവശ്യപ്പെട്ട് അസഭ്യം പറയുകയായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ അമ്മ പ്രസന്ന ഇതു ചോദ്യംചെയ്തതോടെ ബൈക്കില്‍ വന്നവര്‍ അക്രമാസക്തരായി. പ്രസന്നയെയും ഉണ്ണിക്കൃഷ്ണനെയും അടിച്ചുവീഴ്ത്തിയശേഷം വീട്ടുമുറ്റത്ത് ഇറക്കിവെച്ചിരുന്ന ഇഷ്ടികകള്‍ വീട്ടിലേക്കെറിഞ്ഞു. പിന്നാലെ വീട്ടിനുള്ളില്‍ കയറിയും അക്രമംനടത്തി. ജനാലച്ചില്ലുകള്‍ തല്ലിത്തകര്‍ത്തു. മുന്‍ഭാഗത്തെ കതക്, കസേര തുടങ്ങിയവയും നശിപ്പിച്ചു.

ഇഷ്ടികയെറിഞ്ഞു തൊഴുത്തിലുണ്ടായിരുന്ന പശുവിനെയും പരിക്കേല്‍പ്പിച്ചു. 15 മിനിറ്റോളം മൂന്നുപേരും ആക്രമണം നടത്തിയതായി പ്രസന്ന കരീലക്കുളങ്ങര പോലീസിനു മൊഴിനല്‍കി. സമീപവാസികളെത്തിയതോടെയാണ് അക്രമികള്‍ സ്ഥലംവിട്ടത്. മുട്ടം മുറിയാംമൂട് സ്വദേശികളായ ഗോകുല്‍ (23), അച്ചു (20), സിദ്ധാര്‍ഥ് (20) എന്നിവരാണ് ആക്രമണം നടത്തിയതെന്നു പ്രസന്ന കരീലക്കുളങ്ങര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികളിലൊരാളെ തിങ്കളാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രസന്നയും ഉണ്ണിക്കൃഷ്ണനും ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടി. പരിക്കേറ്റ പശുവിന് ചേപ്പാട് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനെത്തി ചികിത്സ നല്‍കി.

Back to top button
error: