KeralaNEWS

നാളത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് മാറ്റി, അതിതീവ്ര മഴയെത്തുടര്‍ന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ചടങ്ങ് മാറ്റിയത്

നാളെ തിരുവനന്തപുരത്ത് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. തിരുവനന്തപുരം അടക്കമുള്ള സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ അതിതീവ്ര മഴയും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

നാളെ വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും എന്നാണ് തീരുമാനിച്ചിരുന്നത്. അവാര്‍ഡ് വിതരണ ചടങ്ങ് മാറ്റിവച്ച വിവരം സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ആണ് അറിയിച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും.

മെയ് 27 ന് ആണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്
.
കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ജെ. സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ. പി കുമാരനാണ് ഇത്തവണ ലഭിക്കുക.

മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍. കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ തുടങ്ങി 50 പേരാണ് അവാര്‍ഡ് ജേതാക്കള്‍.

പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം വിവിധ സംഗീതധാരകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടിയും പ്ലാൻ ചെയ്തിരുന്നു. പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ പങ്കെടുക്കുന്ന സംഗീതപരിപാടിയിൽ സിതാര കൃഷ്ണകുമാര്‍, വിനീത് ശ്രീനിവാസന്‍, രാജലക്ഷ്മി, ബിജിബാല്‍, സൂരജ് സന്തോഷ് തുടങ്ങിയ താരനിരയും ഭാഗമാകുമായിരുന്നു.

Back to top button
error: