NEWS

60 വയസ്സ് കഴിഞ്ഞാൽ 50,000 പെൻഷൻ; അറിയാം നാഷണല്‍ പെന്‍ഷന്‍ സ്കീമിന്റെ ഗുണങ്ങൾ

വാര്‍ദ്ധക്യത്തില്‍ സാമ്ബത്തിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്കീം.
2004-ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ആരംഭിച്ച എന്‍പിഎസ് പൊതുജനങ്ങള്‍ക്ക് കൂടി ചേരാവുന്ന രീയില്‍ മാറ്റം വരുത്തിയത് 2009തിലാണ്. 18 മുതല്‍ 70 വയസുള്ളവര്‍ക്കാണ് എന്‍പിഎസില്‍ ചേരാനാവുക. 60 വയസ് വരെയാണ് നിക്ഷേപം നടത്തേണ്ടത്. എന്നാല്‍ 60-70 വയസിനിടെ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് 75 വയസുവരെ നിക്ഷേപിക്കാന്‍ അവസരമുണ്ട്.
പോയിന്റ് ഓഫ് പ്രസന്‍സ് സേവനകേന്ദ്രങ്ങള്‍ വഴിയാണ് എന്‍പിഎസില്‍ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.
എന്‍പിഎസില്‍ വര്‍ഷത്തില്‍ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. നിക്ഷേപിക്കാനുള്ള തുകയ്ക്ക് പരിധിയില്ല. എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം.

50,000 രൂപ പെന്‍ഷന്‍ വാങ്ങാം

നിലവിലെ റൂള്‍ പ്രകാരം കാലാവധിയില്‍ എന്‍പിഎസില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കില്ല. 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ചാണ് വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കുന്നത്. ബാക്കി വരുന്ന 60 ശതമാനം നികുതി ബാധ്യതകളില്ലാതെ പിന്‍വലിക്കാം. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം.

മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 40 ശതമാനം തുക ആന്യുറ്റിയില്‍ നിക്ഷേപിക്കണമെന്നത് എന്‍പിഎസില്‍ നിര്‍ബന്ധമാണ്. 6 ശതാനം ആന്യുറ്റി നിരക്ക് പ്രതീക്ഷിച്ചാല്‍ 50,000 രൂപ മാസ പെന്‍ഷന്‍ ലഭിക്കാന്‍ 2.5 കോടി രൂപ എന്‍പിഎസ് നിക്ഷേപം ആവശ്യമാണ്.

ഇതില്‍ 40 ശതമാനം, 1 കോടി രൂപ ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 6 ശതമാനം നിരക്കില്‍ മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ വാങ്ങിക്കാം. ബാക്കി 1.5 കോടി രൂപ ഒറ്റത്തവണ പിന്‍വലിക്കാം. ഈ തുകയ്ക്ക് നികുതി ബാധകമല്ല.

എന്നാല്‍ ആന്യുറ്റി വിഹിതം ഉയര്‍ത്താന്‍ തയ്യാറാകുന്നവര്‍ക്ക് മാസം 50,000 രൂപ പെന്‍ഷന്‍ നേടാന്‍ കുറഞ്ഞ നിക്ഷേപം മതിയാകും. ആന്യുറ്റിയിലേക്ക് 60 ശതമാനം വിഹിതം മാറ്റിയാല്‍ എന്‍പിഎസ് നിക്ഷേപം 1.7 കോടി മതിയാകും. ആന്യുറ്റി സ്‌കീമിലേക്ക് മാറ്റുന്നത് 80 ശതമാനമാണെങ്കില്‍ 50,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 1.3 കോടി രൂപ മതിയാകും.

100 ശതമാനവും ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 1 കോടി രൂപ നിക്ഷേപം വഴി മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ വാങ്ങാം. ആന്യുറ്റി വരുമാനത്തിന് പെന്‍ഷന്‍കാരന്റെ നികുതി സ്ലാബ് അനുസരിച്ച്‌ നികുതി നല്‍കേണ്ടി വരും.

മാസം എത്ര രൂപ നിക്ഷേപിക്കണം

മാസം 50,000 രൂപ പെന്‍ഷന്‍ വാങ്ങാന്‍ 2.5 കോടിയാണ് ആവശ്യമായി വരുന്നത്. എന്‍പിഎസില്‍ ഇത്രയും തുക നിക്ഷേപമുണ്ടാകാന്‍ എങ്ങനെ നിക്ഷേപം തുടങ്ങണമെന്ന് നോക്കാം. 9-10 ശതമാനം ആദായം നിക്ഷേപത്തില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ 25ാം വയസില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് 7,000-9,000 രൂപ മാസത്തില്‍ നിക്ഷേപിക്കണം.

 

 

35ാം വയസില്‍ നിക്ഷേപം തുടങ്ങുമ്ബോള്‍ 19,000-23,0000 രൂപ വരെ മാസത്തില്‍ നിക്ഷേപിക്കണം. 45ാം വയസിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ 59,000-65,000ത്തിനും ഇടയിലുള്ള തുക 15 വര്‍ഷക്കാലം നിക്ഷേപിക്കണം.

Back to top button
error: