NEWS

ജൂലൈ മാസത്തിനും ആഗസ്റ്റ് മാസത്തിനും എങ്ങനെയാണ് 31 ദിവസങ്ങൾ വന്നത്?

ചില മാസങ്ങൾക്ക് മുപ്പതും ചില മാസങ്ങൾക്ക് മുപ്പത്തിയൊന്നും ദിവസങ്ങൾ ഉണ്ടായതെങ്ങനെ ?
പ്രകൃതി തന്നെയായിരുന്നു പുരാതന മനുഷ്യന്റെ കലണ്ടർ. പ്രകൃതിയിലെ ആവർത്തനങ്ങളെ നിരീക്ഷിച്ചാണ് മനുഷ്യൻ സമയത്തെ അളന്നത്.പ്രകൃതിയിൽ ആവർത്തിച്ചു വന്ന മറ്റൊരു പ്രതിഭാസമായിരുന്നു അമാവാസിയും പൗർണമിയും. ഒരു അമാവാസി മുതൽ അടുത്ത അമാവാസിവരെയും ഒരു പൗർണമി മുതൽ അടുത്ത പൗർണമിവരെയും 29½ ദിവസങ്ങളാണുള്ളതെന്ന് അവൻ കണ്ടെത്തി. ഈ സമയത്തെയാണ് മാസം എന്നു വിളിച്ചത്.
മാസം (Month) എന്ന വാക്കുതന്നെ ചന്ദ്രനെ അടിസ്ഥാനമാക്കിയ സമയം എന്നർഥംവരുന്ന മൂണത്ത് (mooneth) എന്ന വാക്കിൽ നിന്നുമുണ്ടായതാണ്. ചില സമൂഹങ്ങൾ ഒന്നിടവിട്ട് 29-ഉം 30-ഉം ദിവസങ്ങളുള്ള മാസങ്ങളും മറ്റുചില സമൂഹങ്ങൾ 30 ദിവസങ്ങൾ വീതമുള്ള മാസങ്ങളും അവരുടെ കലണ്ടറിൽ ഉപയോഗിച്ചു.ചാന്ദ്രകലണ്ടറുകൾ എന്നാണ് ഇവയെ വിളിക്കുന്നത്.
ഋതുക്കളുടെ ആവർത്തനം മനുഷ്യനെ വളരെയധികം ആകർഷിച്ച ഒന്നാണ്. വസന്തം, ഗ്രീഷ്മം, ശരത്, ശിശിരം എന്നിങ്ങനെയുള്ള ഋതുക്കൾ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു വന്നുകൊണ്ടിരുന്നു. മനുഷ്യന്റെ കൃഷിയും യാത്രകളും ആഘോഷങ്ങളുമെല്ലാം ഋതുക്കളെ അടിസ്ഥാനമാക്കിയായിരുന്നു. ഋതുക്കൾ ആവർത്തിക്കാനെടുക്കുന്ന സമയത്തെ ഒരു വർഷമായി കണക്കാക്കി. ഋതുക്കളുടെ ഒരു ആവർത്തനകാലത്തിനിടയിൽ 12 ചാന്ദ്രമാസങ്ങളുണ്ടെന്ന് അവർ മനസ്സിലാക്കി. അങ്ങനെ 12 ചാന്ദ്രമാസങ്ങൾ ഉൾപ്പെടുന്ന ചാന്ദ്രകലണ്ടറുകൾ രൂപപ്പെട്ടു. ഒന്നിടവിട്ട് 29-ഉം 30-ഉം ദിവസങ്ങളുള്ള മാസങ്ങൾ ചേർന്ന് വർഷത്തിൽ 354 ദിവസങ്ങളുള്ള കലണ്ടറുകളും 30 ദിവസങ്ങൾ വീതമുള്ള മാസങ്ങൾ ചേർന്ന് വർഷത്തിൽ 360 ദിവസങ്ങളുള്ള കലണ്ടറുകളും നിലനിന്നിരുന്നു. ഈ രണ്ടു കലണ്ടറുകളിലും വർഷത്തിലെ ദിവസങ്ങളുടെ എണ്ണം യഥാർഥത്തിലുള്ളതിനെക്കാൾ കുറവാണെന്ന് കാണാം.
ഋതുക്കളുടെ ആവർത്തനം സൂര്യന്റെ അയന ചലനവുമായി ബന്ധപ്പെട്ടാണുള്ളതെന്നും ചാന്ദ്രകലണ്ടറുകൾക്കനുസരിച്ച് ഋതുക്കൾ ആവർത്തിക്കുന്നില്ല എന്നും പിന്നീട് മനസ്സിലാക്കി. ബി.സി. 46-ൽ റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ 365.25 ദിവസങ്ങളുള്ള സൗര കലണ്ടർ സമ്പ്രദായം സ്വീകരിച്ചുകൊണ്ട് വീണ്ടും കലണ്ടർ പരിഷ്കരിച്ചു. ഈ കലണ്ടറിൽ സാധാരണ വർഷങ്ങളിൽ 365 ദിവസങ്ങളും നാലു വർഷങ്ങൾ കൂടുമ്പോഴുള്ള അധിവർഷങ്ങളിൽ 366 ദിവസങ്ങളുമാണുള്ളത്. ഇതാണ് ജൂലിയൻ കലണ്ടർ.
365.25 ദിവസങ്ങളാണല്ലോ ഒരു വർഷമായി കണക്കാക്കിയിരുന്നത്. എന്നാൽ ഒരു വർഷത്തിന്റെ യഥാർഥ ദൈർഘ്യം ഇതിനെക്കാൾ അല്പം കുറവാണ്, കൃത്യമായി പറഞ്ഞാൽ 365.2422 ദിവസങ്ങൾ. ഒറ്റനോട്ടത്തിൽ നിസ്സാരമെന്നു തോന്നുമെങ്കിലും ഈ വ്യത്യാസം 1000 വർഷങ്ങൾകൊണ്ട് 8 ദിവസത്തോളം എത്തും. ഇതുമൂലം, ജൂലിയൻ കലണ്ടർ നടപ്പാക്കി 1500 വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ഋതുക്കളും അവയുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്ന ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ വിശേഷദിനങ്ങളും തമ്മിൽ തീരെ പൊരുത്തപ്പെടാതായി. ഇതു പരിഹരിക്കാനായി ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗണിതശാസ്ത്രജ്ഞൻമാരായിരുന്ന ലിലിയസിന്റെയും ക്ലാവിയൂസിന്റെയും ഉപദേശപ്രകാരം എ.ഡി. 1582-ൽ കലണ്ടർ വിണ്ടും പരിഷ്കരിച്ചു. അതനുസരിച്ച് 1582 ഒക്ടോബർ നാലിനു ശേഷം വന്ന 10 ദിവസങ്ങൾ കലണ്ടറിൽനിന്ന് വെട്ടിക്കുറച്ചു. അതായത് ഒക്ടോബർ നാല് വ്യാഴാഴ്ചയ്ക്കുശേഷം വരുന്ന ദിവസം ഒക്ടോബർ 15 വെള്ളിയാഴ്ചയായിരിക്കും എന്നു പ്രഖ്യാപിച്ചു. കൂടുതൽ കൃത്യത വരുത്താനായി, നൂറുകളിൽ അവസാനിക്കുന്ന (രണ്ടു പൂജ്യത്തിൽ അവസാനിക്കുന്ന) വർഷങ്ങളെ 400 കൊണ്ട് ഹരിക്കാൻ കഴിയില്ല എങ്കിൽ അവയെ അധിവർഷങ്ങളായി കണക്കാക്കേണ്ടതില്ല എന്നും തീരുമാനിച്ചു. ഇതാണ് ഇന്നത്തെ ഗ്രിഗോറിയൻ കലണ്ടർ.
ഈ കലണ്ടർ പ്രകാരമാണ്  ജനുവരി ഒന്ന് പുതുവർഷമായി ആചരിക്കുന്നത്.നാലു വർഷങ്ങൾ കൂടുമ്പോൾ ഫെബ്രുവരി മാസത്തിന് ഒരു ദിവസം കൂടുന്നതും ഈ കണക്കുകൂട്ടലുകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനാണ്.

Back to top button
error: