KeralaNEWS

മലപ്പുറത്ത് അധിക പ്ലസ്വണ്‍ ബാച്ച് അനുവദിക്കാന്‍ ഉത്തരവിടില്ല, കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സമയബന്ധിതമായി തീരുമാനം എടുക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. അധിക ബാച്ചുകള്‍ക്കുള്ള സാമ്പത്തിക ബാധ്യത വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ജില്ലയിലെ വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ച് കൂടുതല്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സമയ ബന്ധിതമായി തീരുമാനം എടുക്കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യം കൂടി കണക്കിലെടുത്ത് അധിക ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നടപടി മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എയ്ഡഡ് ബാച്ചുകള്‍ അനുവദിക്കാനാകില്ലെങ്കില്‍ അണ്‍ എയ്ഡഡ് ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ പാറകടവ് മൂന്നിയൂര്‍ എച്ച്എസ്എസ് സ്‌കൂളാണ് പ്ലസ് വണ്‍ ക്‌ളാസുകളിലേക്ക് അധിക ബാച്ചിനായി സുപ്രീം കോടതിയെ സമീപിച്ചത്.

2021-22 അധ്യയന വര്‍ഷം മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ സിലബസില്‍ പത്താം ക്‌ളാസ് പാസായത് 71,625 പേരാണ്. ഈ വര്‍ഷം അത് മുക്കാല്‍ ലക്ഷം കടന്നു. എന്നാല്‍ ജില്ലയില്‍ ആകെയുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 65,035 ആണ്. സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെ മറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടി എത്തുന്നതോടെ ജില്ലയിലെ പല വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനം ബുദ്ധിമുട്ടാകുമെന്നും സ്‌കൂള്‍ മാനേജര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍, അഭിഭാഷകന്‍ പി എസ് സുള്‍ഫിക്കര്‍ അലി എന്നിവര്‍ വാദിച്ചു.

എന്നാല്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി ആവര്‍ത്തിച്ചു. അതേസമയം വിദ്യാര്‍ത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടേയെന്നും കോടതി നിരീക്ഷിച്ചു.

 

Back to top button
error: