KeralaNEWS

മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍; ആന്റണി കരിയിലിന്റെ രാജി മാര്‍പാപ്പ അംഗീകരിച്ചു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ച് മാര്‍പാപ്പ. ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി അംഗീകരിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടി. നിലവില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ അതിരൂപതാ അധ്യക്ഷനാണ്. ഇതിനൊപ്പമാണ് അദ്ദേഹത്തിന് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയും നല്‍കിയിരിക്കുന്നത്.

ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം പകല്‍ 12-ന് വത്തിക്കാനിലും പകല്‍ 3.30-ന് സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തൂം നടന്നു. തുടര്‍ന്ന് വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശപ്രകാരം മാര്‍ ആന്‍ഡ്രൂസ് അഡ്മിനിസ്‌ട്രേറ്ററായി ഇന്ന് മൂന്നരയോടെ ചുമതലയേറ്റെടുത്തു. അതിരൂപതയിലെ വിവരങ്ങള്‍ നേരിട്ട് മാര്‍പാപ്പയെ അറിയിക്കാനാണ് അദ്ദേഹത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് വിവരം.

അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് വെള്ളിയാഴ്ച ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ഡ് ജിറേല്ലിമേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമത നീക്കത്തെ പിന്തുണച്ചതിനും സിനഡ് തീരുമാനം മറികടന്ന് ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിലെ എതിര്‍പ്പുകള്‍ക്കൊപ്പം നിലകൊണ്ടതിനുമാണ് ബിഷപ്പ് ആന്റണി കരിയിലിനെതിരേ വത്തിക്കാന്‍ നടപടിയെടുത്തത്. വിവാദങ്ങളെത്തുടര്‍ന്ന് വത്തിക്കാന്‍ സ്ഥാനപതി കൊച്ചിയില്‍ നേരിട്ടെത്തി ബിഷപ്പ് ആന്റണി കരിയിലിന്റെ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു.

ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതര്‍ക്ക് ശക്തി പകരുന്നതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ ശക്തമായി ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് ബിഷപ്പ് ആന്റണി കരിയിലിനെ അതിരൂപത മെത്രാപ്പൊലീത്തന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ചേര്‍ത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള ബിഷപ്പായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ല്‍ ആണ് ചുമതലയേറ്റത്.

Back to top button
error: