IndiaNEWS

നേമം ടെർമിനൽ: ബിജെപിയും കേന്ദ്ര റെയിൽവേ മന്ത്രാലയവും നടത്തുന്ന അപഹാസ്യമായ രാഷ്ട്രീയനാടകത്തിന് തെല്ലും അറുതിയുണ്ടായിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം. പി

നേമം ടെർമിനൽ ഉപേക്ഷിക്കുകയാണെന്ന കാര്യം രേഖാമൂലം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖാന്തിരം തന്നെ റെയിൽവേ മന്ത്രാലയം അറിയിച്ചതാണ്. ഇക്കാര്യത്തിലുള്ള പുനർചിന്തനത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ രേഖാമൂലമാണ് കേന്ദ്രമന്ത്രാലയം പ്രതികരിക്കേണ്ടത്. പദ്ധതി ഉപേക്ഷിച്ച നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് താൻ നല്കിയ കത്തിന് ഇതുവരെ മന്ത്രി മറുപടി നല്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം – ജോൺ ബ്രിട്ടാസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

 

കേരളത്തിലും പ്രത്യേകിച്ച് തിരുവനന്തപുരത്തും രാഷ്ട്രീയനേട്ടം കൊയ്യുന്നതിനാണ് നേമം ടെർമിനൽ വിഷയം ബിജെപി എക്കാലത്തും ഏറ്റെടുത്തിട്ടുള്ളത്. 2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പിനു തൊട്ടു തലേന്ന് വോട്ടു കിട്ടാൻ തിരക്കു പിടിച്ച് ഒരു തറക്കല്ലിടൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്നു റെയിൽവേ മന്ത്രിയായിരുന്ന പീയൂഷ് ഗോയൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഒരു പതിറ്റാണ്ടുമുമ്പ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ തറക്കല്ലിടൽ നിർവ്വഹിച്ചത്. താൻ രാജ്യസഭാംഗമായ ശേഷം തുടർച്ചയായി ഈ വിഷയം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ബജറ്റിൽ പ്രഖ്യാപിക്കുകയും തറക്കല്ലിടൽകർമ്മം നടക്കുകയും ചെയ്ത പദ്ധതി വൈകുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ രാജ്യസഭാതലത്തിൽ ഉയർത്തിയിരുന്നു. ‘പദ്ധതിരേഖ പരിഗണനയിൽ’ എന്ന പതിവു പല്ലവിക്കപ്പുറം പോകാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തയ്യാറാകാത്തതിനെത്തുടർന്നാണ് സവിശേഷ അധികാരം ഉപയോഗിച്ച് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ സമീപിച്ചത്. പാർലമെന്റ് അംഗമെന്ന നിലയിൽ തന്റെ ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം മന്ത്രിക്കുണ്ടെന്ന തന്റെ പരാതിയിൽ ക‍ഴമ്പുണ്ടെന്നു കണ്ടതിനെത്തുടർന്നാണ് സഭാധ്യക്ഷൻ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നല്കാൻ റെയിൽവേ മന്ത്രാലയത്തോട് നിർദ്ദേശിച്ചതെന്ന് ജോൺ ബ്രിട്ടാസ് എം. പി. ചൂണ്ടിക്കാട്ടി.

 

നില്ക്കക്കള്ളിയില്ലാത്തതിനെ തുടർന്നാണ് ഒളിച്ചുകളി അവസാനിപ്പിച്ച്, പദ്ധതി ഉപേക്ഷിക്കുകയാണെന്ന 30-05-2022ലെ ഓഫീസ് മെമ്മോറാണ്ടം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന തനിക്ക് അയച്ചുതന്നത്. നേരത്തേതന്നെ കൈക്കൊണ്ടിരുന്ന തീരുമാനം അവകാശനടപടി ഭയന്ന് മെമ്മോറാണ്ടത്തിന്റെ ഭാഗമാക്കി അയച്ചതാണെന്ന് ഇതു സംബന്ധിച്ച ചോദ്യങ്ങളുടെയും കത്തുകളുടെയും തിയ്യതി പരിശോധിച്ചാൽ ബോധ്യമാകും. കൊച്ചുവേളി ഉള്ള സ്ഥിതിക്ക് നേമം ടെർമിനൽ ആവശ്യമില്ലെന്ന മുടന്തൻ ന്യായമാണ് തന്നെ രേഖാമൂലം അറിയിച്ചിട്ടുള്ളത്.

നേമം പദ്ധതി സംബന്ധിച്ച ബിജെപിയുടെ കള്ളക്കളി പൊളിഞ്ഞതോടെ തിരുവനന്തപുരത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. മുഖം നഷ്ടപ്പെട്ട ബിജെപി നേതൃത്വം മറ്റൊരു കള്ളക്കളി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിനിധിസംഘവുമായി ദില്ലിയിലെത്തി കേന്ദ്ര മന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തിയത്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന പ്രഖ്യാപനം നടത്തി ബിജെപി നേതാക്കൾ ദില്ലിയിൽനിന്നു മടങ്ങുകയും ചെയ്തു. സംസ്ഥാനമന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവരോടൊപ്പം കേന്ദ്ര മന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്താൻ ഇടതുപക്ഷ എം. പി.മാർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. റെയിൽവേ മന്ത്രാലയത്തെ ഇക്കാര്യം അറിയിക്കുകയും കൂടിക്കാ‍ഴ്ച ആകാമെന്ന പ്രതികരണം ലഭിക്കുകയും ചെയ്തു. ഇതിനിടയിലാണ്, ബിജെപി സംഘം ദില്ലിയിലെത്തി കേന്ദ്രമന്ത്രിയെ കണ്ടത്. ഇതോടെ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു മന്ത്രിയും പറയാത്ത ന്യായവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം രംഗത്തുവന്നു. “എം. പി.മാരെ കാണാം, എന്നാൽ, സംസ്ഥാനമന്ത്രിമാരെ കാണാൻ ഒരുക്കമല്ല,” – എന്ന വിചിത്രന്യായമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ബിജെപിയുടെ ജില്ലാ ഭാരവാഹികളെവരെ കണ്ട കേന്ദ്രമന്ത്രിക്ക് സംസ്ഥാനമന്ത്രിമാരെ കാണാൻ വൈമുഖ്യമുണ്ടായത് എന്താണെന്നത് ഒരു വലിയ പ്രഹേളികയാണ്. ബിജെപിയുടെ രാഷ്ട്രീയനാടകത്തിന്റെ തുടരധ്യായമായിമാത്രമേ ഈ സംഭവവികാസത്തെ നോക്കിക്കാണാനാകൂ.
കേരളത്തിനും വിശിഷ്യാ തിരുവനന്തപുരത്തിനും അത്യന്താപേക്ഷിതമായ നേമം ടെർമിനൽ പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി റെയിൽവേയുടെ പക്കലുണ്ട്. 117 കോടി രൂപ മാത്രം വേണ്ടിവരുന്ന ഈ പദ്ധതി എന്തുകൊണ്ട് ഉപേക്ഷിച്ചു എന്നു പറയാനുള്ള ഉത്തരവാദിത്വം കേന്ദ്രമന്ത്രിക്കുണ്ട്. വൻ പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചത് പുനരാലോചിക്കുന്നുണ്ടെങ്കിൽ സ്വാഗതാർഹമാണ്. ഇനിയും പദ്ധതി വൈകിപ്പിച്ച് കേരള ജനതയെ കബളിപ്പിക്കരുത് എന്ന അഭ്യർത്ഥനമാത്രമേ ഉള്ളൂ. പദ്ധതി ഉപേക്ഷിച്ച കാര്യം ഓഫീസ് മെമ്മോറാണ്ടത്തിലൂടെ അറിയിച്ച കേന്ദ്ര റെയിൽവേ മന്ത്രാലയം രേഖാമൂലമായിത്തന്നെ ഈ തീരുമാനം പുനഃപരിശോധിച്ചതായി അറിയിക്കുകയും ടെർമിനലിന്റെ പണി ഉടൻ ആരംഭിക്കുകയും ചെയ്താൽമാത്രമേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ക‍ഴിയൂ. രാഷ്ട്രീയനാടകങ്ങൾ അവസാനിപ്പിച്ച് വ്യക്തവും സുതാര്യവുമായ നടപടികൾക്കു മുതിരാൻ കേന്ദ്ര ഭരണ കക്ഷിയും റെയിൽവേ മന്ത്രാലയവും സന്നദ്ധമാകണമെന്ന് ജോൺ ബ്രിട്ടാസ് എം. പി. ആവശ്യപ്പെടുന്നു.

Back to top button
error: