NEWS

ഇരുമ്പയിര് നിക്ഷേപമുള്ള കോട്ടയത്തെ അയർക്കുന്നം

കോട്ടയം:, മീനച്ചിൽ നദീതടത്തിൻ്റെ ഭാഗമായ കിടങ്ങൂരിനും മണർകാടിനും ഇടയിലായുള്ള പ്രദേശമാണ് അയർക്കുന്നം. കൊങ്ങാണ്ടൂർ, പുന്നത്തുറ, ആറുമാനൂർ, നീറിക്കാട്, അമയന്നൂർ തുടങ്ങിയ പ്രദേശങ്ങൾ അയർക്കുന്നം പഞ്ചായത്തിൻ്റെ ഭാഗങ്ങളാണ് എങ്കിലും യഥാർത്ഥത്തിൽ അയർക്കുന്നം എന്നറിയപ്പെടുന്നത് ഇന്നത്തെ അയർക്കുന്നം ടൗണും പരിസരപ്രദേശങ്ങളുമാണ്.
അയർക്കുന്നം കവലയ്ക്ക് വടക്കുപടിഞ്ഞാറു ഭാഗത്ത് ഉയർന്ന ഒരു കുന്നുണ്ട്. ഇരുമ്പയിര് നിക്ഷേപം ഇന്നും കാണപ്പെടുന്ന ഈ ചുവന്ന കുന്നിൻ്റെ സാന്നിധ്യമാകാം അയർക്കുന്നം എന്ന സ്ഥലനാമത്തിന് കാരണമായിത്തീർന്നത്.
ഇതിനെപ്പറ്റി മറ്റൊരു കഥയുണ്ട്. തൃശൂർ മഠത്തിൽ നിന്നുള്ള ഒരു അയ്യർ പണ്ടെങ്ങോ ഈ കുന്നിൻ്റെ മണ്ടയിൽ വന്ന് അഗ്രഹാരം കെട്ടി താമസിച്ചിരുന്നു എന്നും അങ്ങനെ അയ്യരു താമസിച്ച കുന്ന് അയ്യരുകുന്നായി എന്നും കാലക്രമേണ അയർക്കുന്നം ആയി മാറുകയും ചെയ്തു എന്നുമാണ് ആ കഥ.
അയർക്കുന്നത്ത് പുരാതന കാലം മുതൽ പരമ്പരാഗത ഇരുമ്പുരുക്കു നിർമ്മാണശാലകൾ നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.അടുത്തകാലം വരെ  പ്രവർത്തിച്ചിരുന്ന “ബേബി ടോം കമ്പനി”യിൽ നിന്ന് കാർഷിക ഉപകരണങ്ങളടക്കം വിവിധ ഇരുമ്പുത്പന്നങ്ങൾ വൻതോതിൽ നിർമ്മിച്ചിരുന്നു.
അയർക്കുന്നത്ത് പലയിടങ്ങളിലായി ഇരുമ്പുദ്പാദന ശേഷം പുറന്തള്ളുന്ന പുരാണകിട്ടം കാണാറുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു. കൊല്ലൻമാരുടെ ആലകൾ ഈ പ്രദേശത്ത് മുൻകാലങ്ങളിൽ നിരവധിയുണ്ടായിരുന്നു.ഇന്നും ഈ വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതലുമാണ്.
 അയർക്കുന്നത്തിന് സമീപം മീനച്ചിലാറിൻ്റെ തീരത്തു നിന്നു കണ്ടെത്തിയ ശിലായുഗ ശേഷിപ്പായ കൽമഴു പാലാ സെന്റ്തോമസ് കോളജിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
അയർക്കുന്നിൻ്റെ പടിഞ്ഞാറെ ചെരുവിൽ സമതലത്തിലാണ് പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇതിൻ്റെ പടിഞ്ഞാറായാണ് അയർക്കുന്നം പൊയ്ക എന്നറിയപ്പെടുന്ന വിശാലമായ ജലാശയം. ഇത് ഒറ്റപ്പെട്ടുകിടക്കുന്ന ഒരു ചിറയല്ല മറിച്ച് നീരൊഴുക്കുള്ള തോടുകളുടെ ഭാഗമാണ്.
തോടുകളുടെ വീണ്ടെടുപ്പിലൂടെ മീനച്ചിലാറിൻ്റെ സംരക്ഷണത്തിനായി ആരംഭിച്ച മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പദ്ധതിയുടെ ഭാഗമായി മീനച്ചിലാറ്റിൽ നിന്നു തുടങ്ങി മീനന്തറയാറ്റിൽ ചേരുന്ന ആദ്യഘട്ടത്തിലെ തോടുകളുടെ വീണ്ടെടുപ്പിൽ പ്രധാനപ്പെട്ട ഭാഗമാണ് അയർക്കുന്നം പൊയ്ക. പൊയ്ക മുതൽ തെക്കും വടക്കും പടിഞ്ഞാറും മിക്കവാറും സമതലങ്ങളാണ്. പടിഞ്ഞാറ് ആറുമാനൂരും നീറിക്കാടുമാണ്. ഈ തോടുകളുടെ ശൃഖല കടന്നുപോകുന്ന അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലായി 1100 ഏക്കറോളം വയലുകളാണ് ഇരുപുറത്തുമുള്ളത്.
ഏതാണ്ട് മുക്കാൽ കിലോമീറ്റർ നീളത്തിലും ഒരു മീനച്ചിലാറിൻ്റെയത്ര തന്നെ വീതിയിലും വളഞ്ഞുകിടക്കുന്ന ജലാശയമാണ് പൊയ്ക.വിവിധ കാലത്തെ കയ്യേറ്റങ്ങൾ മൂലം പൊയ്ക പണ്ടുണ്ടായിരുന്നതിനേക്കാൾ പകുതിയോളം വിസ്തൃതി കുറഞ്ഞ നിലയിലാണ് ഇന്ന്.ശ്രീകൃഷ്ണക്ഷേത്രത്തിൻ്റെ വിശാലമായ ആറാട്ടുകടവ് പൊയ്കയിലാണ്.

Back to top button
error: